kasaragod
പള്ളിക്കര മേൽപാലം നിർമാണം; ചീറ്റക്കൽ കുന്ന് ഇല്ലാതായി
ചെറുവത്തൂർ: പള്ളിക്കര മേൽപാലം നിർമാണത്തെ തുടർന്ന് ചീറ്റക്കൽ കുന്ന് ഇല്ലാതാകുന്നു. സംസ്ഥാനത്ത് ദേശീയ പാതയിൽ നിലവിലുള്ള ഏക റെയിൽവേ ഗേറ്റായ പളളിക്കര റെയിൽവേ ഗേറ്റ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മേൽപാലങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. എന്നാൽ, പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കിയാണ് മേൽപാല നിർമാണം പുരോഗമിക്കുന്നത്.
ചെലവ് കൂടിയാലും കുന്നുകളും ജലാശയങ്ങളും പരമാവധി നിലനിർത്തിക്കൊണ്ടുള്ള വികസന ബദൽ കൊണ്ടുവരാത്തതാണ് പരിസ്ഥിതിക്ക് ഭീഷണിയായത്. മണ്ണെടുപ്പിനെ തുടർന്ന് കുന്നിെൻറ ഒരുഭാഗം ഇല്ലാതായി. റോഡ് നിർമാണത്തിനുള്ള മണ്ണാണ് യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ച് കടത്തുന്നത്. വരും ദിവസങ്ങളിൽ കുന്ന് പൂർണമായും ഇല്ലാതാകുന്ന സ്ഥിതിയിലെത്തും. ഇത് കാര്യങ്കോട്, ചീറ്റക്കാൽ, പള്ളിക്കര, ചാത്തമത്ത് പ്രദേശങ്ങളെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും.