Headlines
Loading...
കര്‍ഷകസമരത്തിന് കൂടുതല്‍ അന്താരാഷ്ട്രശ്രദ്ധ; പ്രതികരണമറിയിച്ച് യുന്‍ മനുഷ്യാവകാശസംഘടന; ‘മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണണം’

കര്‍ഷകസമരത്തിന് കൂടുതല്‍ അന്താരാഷ്ട്രശ്രദ്ധ; പ്രതികരണമറിയിച്ച് യുന്‍ മനുഷ്യാവകാശസംഘടന; ‘മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണണം’

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകസമരത്തിന് വിദേശ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പിന്തുണയറിയിച്ചതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. പ്രതിഷേധിക്കുന്ന കര്‍ഷകരോടും ഇന്ത്യന്‍ ഭരണകൂടത്തോടുമുള്ള ഉപദേശമെന്നമട്ടിലാണ് സംഘടന പ്രസ്താവനയിറക്കിയത്. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്ന് സംഘടന ഉപദേശിച്ചു. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം, അത് ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും സംരക്ഷിക്കപ്പെടണമെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍പ്പറയുന്നു.

അതേസമയം വിവാദ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് ദേശീയപാതകള്‍ ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. കര്‍ഷകരുടെ പ്രധാനസമരസ്ഥലമായ ദില്ലിയില്‍ വഴിതടയലുണ്ടാകില്ല. രാജ്യത്തിന്റെ മറ്റ് പ്രധാനദേശീയ പാതകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ പദ്ധതി. കരിമ്പുകര്‍ഷകരുടെ വിളവെടുപ്പായതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ദേശീയ പാതകള്‍ ഉപരോധിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് തടയലിന് മുന്നോടിയായി ശക്തമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി.

സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോട് പോപ്പ് ഗായിക റിഹാന പ്രതികരിച്ചതോടെയാണ് കര്‍ഷകസമരം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാര്‍ജിക്കുന്നത്. .‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ക്രിക്കറ്റ് താരം സച്ചിനുള്‍പ്പെടെയുള്ളവര്‍ വിദേശ സെലിബ്രിറ്റികളുടെ ഇടപെടലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.