Headlines
Loading...
‘ബിജെപി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആഗ്രഹം’; ശ്രീധരന് പിന്നാലെ വിവേക് ഗോപന്‍

‘ബിജെപി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആഗ്രഹം’; ശ്രീധരന് പിന്നാലെ വിവേക് ഗോപന്‍

തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്ന് നടന്‍ വിവേക് ഗോപന്‍. ബിജെപി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് പ്രതികരിച്ചത്.

ചെറുപ്പം മുതല്‍ ബിജെപി അനുഭാവിയാണെന്ന് താരം പറഞ്ഞു. ഇ ശ്രീധരന്‍ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ അറിയിച്ചിരുന്നു. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്നും ശ്രീധരന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചത്. ഇതിന് പിന്നാലെ ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാന്‍ ബിജെപിക്ക് കഴിയും അതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണം എന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെഅദ്ദേഹം തന്നെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ടിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിച്ചതെന്നും അതനുസരിച്ചാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ പറഞ്ഞു.