kerala
കേരള ബാങ്കില്‍ 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) 1850 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു. പി.എസ്.സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനം എന്ന കേരള ബാങ്കിന്റെ വാദം കോടതി അംഗീകരിച്ചില്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമില്ലെന്നായിരുന്നു കേരളാ ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഹർജിക്കാരൻ ഹാജരാക്കിയതോടെ കോടതി ഇടപെടുകയായിരുന്നു.
Ad
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ലിജിത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കേരള ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. 13 ജില്ലാബാങ്കുകൾ ലയിപ്പിച്ച് 2019 നവംബർ 29-നാണ് കേരള ബാങ്കിന് രൂപം നൽകിയത്. ഇതിനുശേഷം കരാർ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും 1850 പേരെ വിവിധ തസ്തികകളിൽ നിയമിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ഹർജി.
ക്ലാർക്ക്-846, പ്യൂൺ/വാച്ച്മാൻ-482, താത്കാലിക തൂപ്പുകാർ-300, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ-180, പ്ലംബർ-28, സിസ്റ്റം അനലിസ്റ്റ്-10, ഐ.ടി. മാനേജർ-രണ്ട്, ലോ ഓഫീസർ- ഒന്ന്, കംപ്യൂട്ടർ എൻജിനീയർ -ഒന്ന് എന്നീ തസ്തികയിലുള്ളവരെയാണ് സ്ഥിരപ്പെടുത്താൻ നീക്കം നടന്നത്. കേരള സംസ്ഥാന സഹകരണ ബാങ്കിലെ നിയമനം 1995 മുതൽ പി.എസ്.സി.യാണ് നടത്തുന്നത്. കേരള ബാങ്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആർട്ടിക്കിൾ 162 പ്രകാരം സർക്കാരിന് അധികാരമില്ല. അതിനാൽ സ്ഥിരപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.