Headlines
Loading...
താല്‍ക്കാലിക സ്‌റ്റേയില്‍ അടങ്ങില്ലെന്ന് കര്‍ഷകര്‍; പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകള്‍

താല്‍ക്കാലിക സ്‌റ്റേയില്‍ അടങ്ങില്ലെന്ന് കര്‍ഷകര്‍; പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം സ്‌റ്റേ ചെയ്തുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

സ്‌റ്റേ ചെയ്ത സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, നിയമം പൂര്‍ണമായും എടുത്തുകളയുന്നതുവരെ സമരം തുടരും എന്നുതന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. താല്‍ക്കാലിക സ്റ്റേ, സമിതി രൂപീകരണം തുടങ്ങിയവ കൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന സൂചനയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്.

സുപ്രീം കോടതി വിധി വന്നതിന് ശേഷം എന്തുചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകളുടെ യോഗം അല്‍പസമയത്തിനകം ചേരും. സമരത്തെക്കുറിച്ച് വിലയിരുത്താനുള്ള യോഗംകൂടിയാണിത്. അതിന് ശേഷം നാളെ രാവിലെ പതിനൊന്ന് മണിക്ക് 41 കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സെന്‍ട്രല്‍ കമ്മറ്റി യോഗവും ചേരും. ഇതിന് ശേഷമാവും സംഘടനകള്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രീംകോടതി അറിയിച്ചിരുന്നു. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

കര്‍ഷക പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമിതിക്ക് മുമ്പാകെ വരാം. ആരേയും ശിക്ഷിക്കാനുള്ള സമിതിയല്ല ഇത്. സമിതി കോടതിക്കായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

കാര്‍ഷിക ബില്ലിനെതിരായ ഹരജി പരിഗണിക്കവെ കര്‍ഷക പ്രക്ഷോഭത്തില്‍ സുപീംകോടതി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നില്ല. പക്ഷെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമായിരിക്കും. കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലായെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്.