national
ട്രാക്ടർ റാലി പ്രതിഷേധം: കർഷകരെ പൊലീസ് തടഞ്ഞു, സിംഘുവിൽ സംഘർഷം
ന്യൂഡൽഹി: വിവാദമായ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തുടരുന്നു. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ കർഷകരുടെ ട്രാക്ടർ പരേഡ് തുടങ്ങി. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ഒരു ട്രാക്ടറിൽ നാല് ആളുകളിൽ കൂടുതൽ ഉണ്ടാകില്ല.
കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിംഘു അതിർത്തിയിൽ സംഘർഷം. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാൻസ്‌പോർട്ട് നഗറിലാണ് കർഷകർക്കെതിരെ പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടികളെ കൂസാതെ കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ടുനീങ്ങി.
അതേസമയം, ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. റാലിയുടെ ഭാഗമായി പൊലീസിനൊപ്പം ഏകോപനത്തിന് 2500-ൽ അധികം വോളണ്ടിയർമ്മാരെ കർഷകർ തന്നെ നിയോഗിച്ചിട്ടുണ്ട്.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. സിഘു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ഡൽഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.
അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി. എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷകസംഘടനകളുടെ പ്രഖ്യാപനം. മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്.