Headlines
Loading...
ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുക്കാന്‍ മടിക്കരുത്; മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് കേന്ദ്രം

ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുക്കാന്‍ മടിക്കരുത്; മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കാൻ മടിക്കരുതെന്ന് കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകർ വാക്സിൻ സുരക്ഷ സംബന്ധിച്ച കിംവദന്തികളിൽ വീഴരുത്. വാക്സിൻ സ്വീകരിക്കുന്നവരിൽ നേരിയ പാർശ്വഫലങ്ങൾ സാധാരണമാണെന്നും ജനങ്ങളെ കുത്തിവെപ്പെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കരുതെന്നും നീതി ആയോഗ് അംഗം ഡോ. പോൾ അഭ്യർഥിച്ചു.


വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് വാക്സിൻ നിർമിച്ചത്. നമ്മുടെ ആരോഗ്യപ്രവർത്തർ പ്രത്യേകിച്ച് ഡോക്ടർമാരും നഴ്സുമാരും വാക്സിൻ സ്വീകരിക്കാൻ മടി കാണിച്ചാൽ അത് വലിയ അസ്വസ്ഥതയുണ്ടാക്കും. ഈ മഹാമാരി എന്താകുമെന്നോ എത്രത്തോളം വലുതാകുമെന്നോ ഞങ്ങൾക്കറിയില്ല. അതിനാൽ മുഴുവൻ ആരോഗ്യപ്രവർത്തകരും വാക്സിനെടുക്കണമെന്നും ഡോ.പോൾ അഭ്യർഥിച്ചു.

കോവിഡ് മഹാമാരിക്ക് അറുതി വരുത്താനുള്ള ഒരെയൊരു മാർഗം വാക്സിനേഷനാണ്. അതിന്റെ പാർശ്വഫലങ്ങളെയും ഗുരുതര പ്രശ്നങ്ങളെയും സംബന്ധിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണ്. കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആർക്കെങ്കിലും പാർശ്വഫലങ്ങളുണ്ടായാൽ അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാണ്. വാക്സിനെടുത്തവരിൽ പാർശ്വഫലങ്ങൾ കാര്യമായ തോതിൽ റിപ്പോർട്ട് ചെയ്യുന്നില്ല,. പാർശ്വഫലങ്ങൾ സംബന്ധിച്ചുള്ളേ സംശയങ്ങൾ അവസാനിക്കണം. മടികൂടാതെ വാക്സിൻ സ്വീകരിച്ച് ആരോഗ്യപ്രവർത്തകർ മറ്റുള്ളവർക്ക് മാതൃകയാകണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 3.8 ലക്ഷം ആരോഗ്യപ്രവർത്തകരമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 580 പേർക്കാണ് ഇതുവരെ നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏഴ് പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളു. രണ്ട് പേർ മരിച്ചെങ്കിലും ഇതിന് വാക്സിനുമായി ബന്ധമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു