നെയ്യാറ്റിൻകര തർക്കഭൂമി വസന്തയുടേത്: മരിച്ച രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാജൻ, അമ്പിളി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിവാദ ഭൂമിയായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടേതെന്ന് അതിയന്നൂർ വില്ലേജ് ഓഫീസ് സ്ഥിരീകരിച്ചു. മരിച്ച രാജൻ ഭൂമി കയ്യേറിയതാണെന്ന തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. വസന്ത ഭൂമി സുഗന്ധി എന്നയാളിൽ നിന്നും വിലകൊടുത്ത് വാങ്ങിയതാണ്.
ലക്ഷംവീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടതെന്നാണ് വസന്ത ഉന്നയിച്ച വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് കളക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടിയത്.
വസന്തയുടെ ഹർജിയിൽ രാജനെയും കുടുംബത്തേയും ഡിസംബർ 22ന് കയ്യേറ്റ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്നായിരുന്നു മുൻസിഫ് കോടതി വിധി. ഇവരെ ഇവിടെ നിന്നും പോലീസ് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു ആത്മഹത്യാ ഭീഷണിയും മരണവും.
ഇപ്പോൾ ലഭിച്ച വിവരങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസിക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്. അവരുടെ മരണത്തിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അവർക്കെതിരേയും നടപടിവേണമെന്ന് മക്കൾ ആവശ്യപ്പെട്ടു.