kerala
സ്‌കൂൾ ബസ് ഡ്രൈവറുടെ ആത്മഹത്യ: കുടുംബത്തിന് സ്‌കൂൾ മാനേജ്‌മെന്റ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ച് വിട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് സ്‌കൂൾ മാനേജ്‌മെന്റ്. 15 ലക്ഷം രൂപ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ശ്രീകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ശ്രീകാര്യം ചെമ്പക സ്‌കൂൾ മാനേജ്‌മെന്റുമായി സബ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ശ്രീകുമാറിന്റെ കുടുംബത്തിന് എല്ലാ മാസവും പെൻഷൻ നൽകാനും പിരിച്ചുവിട്ട എല്ലാവരേയും തിരിച്ചെടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
തൊഴിൽ നഷ്ടമായതിനെ തുടർന്നുള്ള മനോവിഷമത്തിൽ ശ്രീകുമാർ ഇന്ന് രാവിലെ തീകൊളുത്തി മരിക്കുകയായിരുന്നു. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. തീ കത്തുന്നത് കണ്ട പ്രദേശവാസികൾ അഗ്നിശമന സേനയെ വിളിച്ചുവരുത്തിയെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ആഴ്ച ശ്രീകുമാറിനേയും ഭാര്യയേയും സ്‌കൂളിൽ തിരിച്ചെടുത്തെന്നായിരുന്നു സ്‌കൂൾ അധികൃതർ വിശദീകരിച്ചത്. എന്നാൽ അങ്ങനെ നടന്നിട്ടില്ലെന്നാണ് സഹപ്രവർത്തകരുടെ വാദം. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സഹപ്രവർത്തകർ ഉന്നയിച്ചത്.