സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ്; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കും
സ്പീക്കര്‍ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ പദവി ദുരുപയോഗം ചെയ്തതായും ധൂര്‍ത്ത് നടത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കറുടെ ഓഫീസിന്റെ പ്രസ്താവന ദുര്‍ബലമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് നാളെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കോടികള്‍ ചെലവഴിക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി ലോക കേരളസഭ രൂപീകരിച്ചു. അതിനെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി.
ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢഗംഭീരമായ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും. ലോകകേരള സഭയ്ക്കായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ ചെലവാക്കിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയത്. രണ്ട് ദിവസത്തേക്ക് മാത്രമാണ് സഭ ചേര്‍ന്നത്. 2020 ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 1.84 കോടി രൂപ മുടക്കിയ ഹാളിലെ കസേരകളെല്ലാം പൊളിച്ചുമാറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.