ആദ്യ ഡ്രൈവർ രഹിത ട്രെയിൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ഗുരുഗ്രാംനോയിഡ, ഫരീദാബാദ്, ബഹദൂർഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡൽഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഊർജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവർ രഹിത ട്രെയിനിന്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.
മജന്ത ലെയിനിൽ ഡ്രൈവർ രഹിത ട്രെയിനിന്റെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ 2021ന്റെ പകുതിയോടെ ഡൽഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവർ രഹിത ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡിഎംആർസി) ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം നടത്തിയിരുന്നു. തിരക്കില്ലാത്ത സമയങ്ങളിലായിരുന്നു പരീക്ഷണം നടത്തിയത്. 2017 മുതലാണ് 20 കിലോ മീറ്റർ ദൈർഘ്യമുള്ള പിങ്ക് ലെയിനിൽ ഡിഎംആർസി ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം ആരംഭിച്ചത്.
എയർപോർട്ട് എക്സ്പ്രസ് ലൈനിലെ പൂർണ്ണ പ്രവർത്തനസജ്ജമായ ദേശീയ പൊതു മൊബിലിറ്റി കാർഡ് സേവനവും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. റുപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും എയർപോർട്ട് എക്സ്പ്രസ് ലെയിനിൽ ആ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. 2022ഓടെ ഡൽഹി മെട്രോയുടെ സമ്പൂർണ ശൃംഖലയിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ
