🔳നാൽപ്പത്തിയാറാമത് അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കും? ട്രംപോ, ബൈഡനോ? ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായിരുന്നെങ്കിലും അവസാനം ഫലം പ്രഖ്യാപിച്ച 29 ഇലക്ട്രല്‍ വോട്ടില്‍ 16 നേടി ബൈഡൻ മുന്നിടുന്നു. 538 ഇലക്ട്രല്‍ വോട്ടില്‍ 270 വോട്ട് നേടുന്നവര്‍ വിജയിക്കും.
🔳ദേശീയ അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കുന്നതിനിടെ മാധ്യമങ്ങളെ കടന്നാക്രമിച്ച് കോടിയേരി. ഇഡിയെ മഹത്വവല്‍ക്കരിക്കുന്ന മാധ്യമങ്ങള്‍ കള്ളപ്രചാരണത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിരോധ നീക്കത്തിന്റെ ഭാഗമായി കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാണ്. അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കി
🔳ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം.
🔳സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സോളാര്‍ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.
🔳വയനാട് ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് വേല്‍മുരുകന്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന. മധുര തേനി സ്വദേശി വേല്‍മുരുകന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു തമിഴ്നാട് ക്യൂബ്രാഞ്ച് സ്ഥിരീകരണം. ഇന്നും തെരച്ചില്‍ നടത്തുമെന്ന് വയനാട് എസ്പി ജി.പൂങ്കുഴലി പറഞ്ഞു.
🔳നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന 395.72 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കി. ധനകാര്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭരണപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളില്‍ മാത്രം വര്‍ക്കുകള്‍ അനുവദിക്കുന്ന രീതി കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
➖➖➖➖➖➖➖➖
🔳സംസ്ഥാനത്ത് ഇന്നലെ 61,138 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.26 മരണമാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1559 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തൃശ്ശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67.
🔳കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവരങ്ങള്‍ :തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത് (64), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍ (78), കോതാട് സ്വദേശിനി ഹെലന്‍ ടോമി (56), തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ് (83), കുരിയാചിറ സ്വദേശി ബാലന്‍ (72), കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (67), വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി (74), മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി (80), കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ (65), കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍ (71), പുറമേരി സ്വദേശിനി മമി (61) ഓമശേരി സ്വദേശി രാജന്‍ (72), കുളകാത്ത് സ്വദേശിനി ആമിന (60), വയനാട് മേപ്പാടി സ്വദേശിനി ഗീത (86), കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ (53) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി്. ഇതോടെ ആകെ 652 ഹോട്ട് സ്‌പോട്ടുകള്‍.
🔳ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ അനിശ്ചിതകാല സമരവുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ദേവസ്വം ബോര്‍ഡിനായി പൊതുഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൃശ്ശൂര്‍ ജില്ലയുടെ ഒരു ഭാഗം മുതല്‍ കാസര്‍കോഡ് വരെയുള്ള 1600 ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇവിടെ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരാണ് രണ്ട് വര്‍ഷമായി കൃത്യമായി ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.
🔳പ്ലസ് വണ്‍ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കും. നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകള്‍ നല്‍കുന്നതിനുമുള്ള സമയപരിധി. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.
🔳മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ്.
🔳ഇനി മുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടില്‍ കിട്ടണമെന്നുണ്ടെങ്കില്‍ സേവന ദാതാക്കള്‍ക്ക് ഒടിപി പറഞ്ഞുകൊടുക്കണം. സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ നിര്‍ണായക തീരുമാനമാണ് സേവന ദാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. സിലിണ്ടര്‍ ഡെലിവറി ചെയ്യുമ്പോള്‍ കൊണ്ടുവരുന്ന ആളിന് ഒടിപി കൈമാറണമെന്നാണ് ചട്ടം.
🔳കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. പന്തീരാങ്കാവ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തിരൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (42) പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്.
🔳യുവതി വിഷം കഴിച്ച് മരിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ കരിവേടകത്താണ് സംഭവം. ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോസ് പനത്തട്ടേലാണ് അറസ്റ്റിലായത്. കുറ്റിക്കോല്‍ പഞ്ചായത്തംഗം കൂടിയാണ് ജോസ്. ഇയാള്‍ക്കെതിരെ ഭര്‍തൃ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്.
🔳ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടനും നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
🔳ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ രണ്ട് ശതമാനത്തോളം കുറവാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതിനിടെ ഇന്നലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ കല്ലേറുണ്ടായി.
🔳ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നത്. താരങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
🔳കങ്കണ റണാവത്തിനും സഹോദരി രംഗോളി ചന്ദേലിനും നവംബര്‍ 10ന് മുമ്പ് ഹാജരാകാന്‍ മുംബൈ പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇരുവരോടും ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതെന്ന്+ റിപ്പോര്‍ട്ടുകള്‍.
🔳ഇന്ത്യ ചൈനാ അതിര്‍ത്തിയിലെ കൊടുംതണുപ്പ് അതിജീവിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് വസ്ത്രങ്ങളുമായി അമേരിക്ക. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലുള്ള സൈനികര്‍ക്കായുള്ള തണുപ്പ് കുപ്പായങ്ങളുടെ ആദ്യ കണ്‍സൈന്‍മെന്റാണ് ലഭിച്ചത്.
🔳കൊവിഡ് രോഗം ബാധിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 76 ലക്ഷം കടന്നുവെന്നും രോഗമുക്തി നിരക്ക് 92 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
🔳രാജ്യത്ത് ഇന്നലെ 46,033 കോവിഡ് രോഗികള്‍. മരണം 510. ഇതോടെ ആകെ മരണം 1,23,650 ആയി, ഇതുവരെ 83.12 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.33 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 76.54 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳ഡല്‍ഹിയില്‍ ഇന്നലെ 6,725 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 4,909 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,981 പേര്‍ക്കും കര്‍ണാടകയില്‍ 2,756 പേര്‍ക്കും ആന്ധ്രയില്‍ 2,849 പേര്‍ക്കും തമിഴ്നാട്ടില്‍ 2,435 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,67,422 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 89,071 പേര്‍ക്കും ഫ്രാന്‍സില്‍ 36,330 പേര്‍ക്കും രോഗം ബാധിച്ചു. 7,916 പേര്‍ ഇന്നലെ മരിച്ചു. അമേരിക്കയില്‍ 1123 പേരും ഫ്രാന്‍സില്‍ 854 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 4.78 കോടി കോവിഡ് രോഗികളും 12.19 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳2022 മുതല്‍ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താന്‍ ഒമാന്‍ ഭരണകൂടം ഒരുങ്ങുന്നു. സര്‍ക്കാറിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2022 മുതല്‍ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും ആദായനികുതി ശേഖരിക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ തീരുമാനത്തോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരിക്കും ഒമാന്‍.
🔳യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊവിഡ് രോഗത്തില്‍ നിന്ന് എല്ലാവര്‍ക്കും സംരക്ഷണം നല്‍കണമെന്നും രോഗം ബാധിച്ചവര്‍ വേഗത്തില്‍ രോഗമുക്തരാവാന്‍ പ്രാര്‍ത്ഥിക്കുന്നതായും ഷെയ്ഖ് മുഹമ്മദ്.
🔳ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള വിധിനിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് വിക്കറ്റ് ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഹൈദരാബാദ് അനായാസം മറികടന്നു. 45 പന്തില്‍ 58 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും 58 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിന് അനായാസ വിജയമൊരുക്കിയത്.
🔳സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. റിലയന്‍ ഇന്‍ഡസ്ട്രീസിലാണ് നിക്ഷേപം നടത്തുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന് ധാരണയിലെത്തി എന്നാണ് വിവരം. റിലയന്‍സിന് കീഴിലുള്ള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് അസറ്റിലാണ് നിക്ഷേപിക്കുക. 100 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സാധ്യത. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ചര്‍ച്ചകളുടെ ഫലമായിട്ടാണ് നിക്ഷേപം സാധ്യമാകുന്നത്.
🔳ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് മെക്ക് മോച്ചയെ ഏറ്റെടുത്തു. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. ഗെയിം പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളുമായി ഇടപഴകുന്നതിന് നൂതനമായ ഫോര്‍മാറ്റുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെക്ക് മോച്ചയുടെ ഗെയിമിംഗ് ടീം ഫ്ലിപ്പ്കാര്‍ട്ടില്‍ ചേരുന്നത്. ആറ് വയസുള്ള സ്റ്റാര്‍ട്ടപ്പ് മെക്ക് മോച്ച ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ 'ഹലോ പ്ലേ' എന്ന പ്രാദേശിക ഗെയിമിംഗ് പ്ലാറ്റ്‌ഫോം നടത്തുന്നു. കൂടാതെ ജനപ്രിയ മള്‍ട്ടി-പ്ലേയര്‍ ഗെയിമുകളായ ലുഡോ, കാരം, പാമ്പുകള്‍, ലാഡര്‍, ക്രിക്കറ്റ് എന്നിവ ഉള്‍പ്പെടെ പത്ത് ഗെയിമുകളുണ്ട്.
🔳കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്‌സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്‌ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ദൃശ്യം 2 ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
🔳മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായിക. ചിത്രത്തില്‍ ഒരു സിനിമാ താരമായാകും കുഞ്ചാക്കോ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
🔳എക്കാലത്തെയും റെക്കോര്‍ഡ് വില്‍പ്പന സ്വന്തമാക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയായ 8,06,848 യൂണിറ്റ് സെയ്ല്‍സ് കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,14,509 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 35 ശതമാനം വളര്‍ച്ചയാണ് ലോക്ഡൗണിന് ശേഷം ഹീറോ സ്വന്തമാക്കിയിരിക്കുന്നത്. ആഭ്യന്തര വില്‍പ്പന 34.7 ശതമാനം വര്‍ധിച്ചു. മൊത്തം കയറ്റുമതിയില്‍ 28.14 ശതമാനം വളര്‍ച്ചയുണ്ടായി. സ്‌കൂട്ടര്‍ വില്‍പ്പനയും കഴിഞ്ഞ മാസം 74,350 യൂണിറ്റായി ഉയര്‍ന്നു. 59.63 ശതമാനമാണ് ഈ വിഭാഗത്തില്‍ മാത്രം വര്‍ധനവ്.
🔳ചെറുകഥാസാഹിത്യത്തിന്റെ സമസ്ത സൗന്ദര്യവും തന്റെ കഥകളിലൊളിപ്പിച്ച വിശ്രുത റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ പ്രശസ്തമായ കഥകളുടെ പരിഭാഷ. 'ലോകോത്തര കഥകള്‍ ആന്റണ്‍ ചെക്കോവ്'. ഡിസി ബുക്സ്. വില 170 രൂപ.
🔳പരിശോധിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിനും കോവിഡ് പോസിറ്റീവാകുന്ന നിലയാണ് കേരളത്തിലുള്‍പ്പെടെ പല സ്ഥലങ്ങളിലും. കോവിഡിന്റെ ഈ ഉയര്‍ന്ന നിരക്കിലുള്ള വ്യാപനത്തിന് കാരണം കൊറോണ വൈറസിനുണ്ടായ ജനിതക വ്യതിയാനമാകാമെന്ന് അമേരിക്കയില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 5000ലധികം കോവിഡ് രോഗികളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ നഗരമായ ഹൂസ്റ്റണിലാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ആദ്യ വകഭേദത്തിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് ഉണ്ടായ ഡി6 14ജി വകഭേദമാണ് രോഗപകര്‍ച്ച രൂക്ഷമാക്കിയതെന്ന് ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഈ വകഭേദത്തിന് മുന്‍പത്തെ വൈറസിനെക്കാള്‍ പുറംഭാഗത്തുള്ള പ്രോട്ടീന്‍ മുനകള്‍ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ബാധിക്കപ്പെടുന്ന രോഗികളിലെ വൈറസ് ലോഡ് കൂടുതലാണ്. ഇത് തന്നെയാകും ഇത് പെട്ടെന്ന് പടരാന്‍ ഇടയാക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു. അമേരിക്കന്‍ നഗരമായ ഹൂസ്റ്റണില്‍ കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും പ്രത്യക്ഷമായ വൈറസുകളുടെ ജീനോമുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ആദ്യ തരംഗത്തില്‍ ഹൂസ്റ്റണില്‍ കണ്ടെത്തിയ രോഗികളിലെ 71 ശതമാനം പേരിലെ ഈ ജനിതക വകഭേദം കണ്ടെത്തിയുള്ളൂ. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇത് 99.9 ശതമാനമായി. 28,000 ലധികം ജിനോം സീക്വന്‍സുകളെ ആധാരമാക്കി ജൂലൈയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ഉ614ഏ വകഭേദമാണ് ലോകത്തില്‍ ഇപ്പോള്‍ പ്രബലമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പുതിയ വകഭേദം കൂടുതല്‍ മാരകമാണെന്നുള്ളതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. പെട്ടെന്ന് പടരുമെങ്കിലും ഈ വൈറസ് വകഭേദം മരണനിരക്ക് കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
*ശുഭദിനം*
*കവിത കണ്ണന്‍*
കുട്ടിക്കാലം മുതല്‍ നന്നായി അധ്വാനിക്കുന്ന വ്യക്തിയായിരുന്നു വില്യം പ്രോക്ടര്‍. 1801 ല്‍ ഇംഗ്ലണ്ടിലാണ് വില്യം ജനിച്ചത്. കുറച്ചു വലുതായപ്പോള്‍ മെഴുകുതിരികള്‍ നിര്‍മ്മിക്കുന്ന ജോലിചെയ്യാന്‍ ആരംഭിച്ചു. അതില്‍ നിന്നും സ്വരുക്കൂട്ടിയതും കടം വാങ്ങിയതും ചേര്‍ത്ത് വസ്ത്രങ്ങല്‍ നിര്‍മ്മിക്കുന്ന ഒരു കട ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ ആ കട കൊളളയടിക്കപ്പെട്ടു. കടബാധ്യത സഹിക്കാനാകാതെ വില്യം കുടുംബത്തേയും കൂട്ടി അമേരിക്കയിലേക്ക് ചേക്കേറി. പക്ഷേ, വിധി വീണ്ടും വില്യമിനെ പരീക്ഷിച്ചു. ഭാര്യ അസുഖം ബാധിച്ചു മരിച്ചു. വീണുകിട്ടുന്ന എല്ലാ ജോലിയും വില്യം ചെയ്തു. കൂട്ടത്തില്‍ മെഴുകുതിരി നിര്‍മ്മാണവും. അവിടത്തെ വലിയ മെഴുകുതിരി നിര്‍മ്മാതാവായ അലക്സാണ്ടര്‍ നോറിസിന്റെ പുത്രിയെ വില്യം വീണ്ടും വിവാഹം ചെയ്തു. ഇതേ സമയത്താണ് ഇംഗ്ലണ്ടില്‍ നിന്നും സോപ്പുകളും മെഴുതിരികളും വില്‍ക്കുന്ന ജെയിംസ് ഗാംബിള്‍ അവരുടെ അയല്‍ക്കാരനായി എത്തുന്നത്. ജെയിംസ് പിന്നീട് അലക്സാണ്ടറുടെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചു. രണ്ടു മരുമക്കളും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത്. അവരോട് ഒരുമിച്ചു നിന്ന് പ്രവൃത്തിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. അത് അവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെ 1837 ല്‍ ഇരുവരും ചേര്‍ന്ന് ഒരു കമ്പനിയക്ക് രൂപം നല്‍കി. പ്രോക്ടര്‍ ആന്റ് ഗാംബിള്‍. മാംസ വിപണനശാലകള്‍ ധാരാളമുള്ള സ്ഥലത്താണ് അവര്‍ താമസിച്ചിരുന്നത്. അതിനാല്‍ തന്നെ സോപ്പിനും മെഴുകിനും ആവശ്യമായ മൃഗക്കൊഴുപ്പ് അവര്‍ക്ക് ധാരാളം ലഭിച്ചിരുന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ ധാരാളം മെഴുകുതിരികളും സോപ്പുകളും ആവശ്യമായി വന്നു. ധാരാളം ഓര്‍ഡറുകള്‍ കിട്ടി. രാജ്യത്തിന്റെ പലഭാഗത്തും പ്രോക്ടര്‍ ആന്റ് ഗാംബിള്‍ എന്ന പേര് ചിരപരിചിതമായി മാറി. ഇവകൂടാതെ മറ്റ് നിത്യോപയോഗ വസ്തുക്കളും കമ്പനി വിതരണം ചെയ്തു തുടങ്ങി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഐവറി സോപ്പ് ഇവരുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു. ടൈഡ്, പ്രില്‍, പാംപേഴ്സ്, ഓള്‍ഡ് സ്പൈസ്, ഓറല്‍ ബി, ഡ്യൂറാസെല്‍ തുടങ്ങി നിരവധി ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ പ്രോക്ടര്‍ ആന്റ് ഗാംബിള്‍ വിപണിയിലെത്തിച്ചു. ഇന്ന് 80ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ വിജയകഥകള്‍ക്ക് പിറകിലും ധാരാളം പരാജയകഥകള്‍ ഒളിഞ്ഞിരുപ്പുണ്ട്. ആരും വീഴാതെ നടക്കാന്‍ പഠിക്കാറില്ലല്ലോ. വീഴുന്നതില്‍ ഒരു കുഴപ്പവുമില്ല, എന്നാല്‍ വീണിടത്തുനിന്നും എഴുന്നേറ്റ് മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ വിജയത്തിന്റെ വഴികള്‍ നമുക്ക് മുന്നില്‍ തുറക്കുകയുള്ളൂ. ആ വിജയവീഥിയിലേക്ക് നടന്നടുക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം
LIVE TODAY Ⓜ️ALAYALAM
✍Junaiz wayanad