Headlines
Loading...
NEWE CLICK 20 NOV 2020

NEWE CLICK 20 NOV 2020

🔳സിഎജിയുടെ  റിപ്പോര്‍ട്ട് സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ്  ഉണ്ടാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്.  കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അസാധാരണ നടപടികള്‍ ഇനി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

🔳സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തില്‍ പൊലീസില്‍ അവ്യക്തത. ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന പറഞ്ഞ സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.

🔳അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂര്‍വം ശ്രമിക്കുന്നത്. ഇതില്‍ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും ഇടപെടണമെന്നും യെച്ചൂരി.

🔳കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെയാണെന്നാണ് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്ത് പ്രതികളെ മാപ്പ് സാക്ഷിയാക്കിയും മറ്റും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ മൊഴി സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

🔳സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

🔳സ്വപ്ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദരേഖ സിപിഎം ഉണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . റിമാന്‍ഡിലുള്ള ഒരാള്‍ എങ്ങനെ ഇങ്ങനെയൊരു ശബ്ദരേഖ ഉണ്ടാക്കി. മുഖ്യമന്ത്രിയെക്കുറിച്ചാണ് സ്വപ്നയുടെ ആവലാതി. ഇത് സിപിഎം ഉണ്ടാക്കിയതാണ് എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

🔳പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

🔳ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി സമര്‍പ്പിച്ച  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബിനീഷിന്റെ അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് തീരുമാനം.

🔳തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.

🔳കേരളത്തില്‍ ഇന്നലെ 67,017 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1969 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ :  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന്‍ (62), മേലുകാവ് സ്വദേശിനി ആലിസ് ജോണ്‍ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവന്‍ (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന്‍ (82), തൃശൂര്‍ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനന്‍ (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന്‍ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന്‍ (62), പൊന്നാനി സ്വദേശി ഹുസൈന്‍ (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂര്‍ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍ (90), ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍ (48), കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയി. ഇതോടെ സംസ്ഥാനത്ത് ആകെ 565 ഹോട്ട് സ്‌പോട്ടുകള്‍.

🔳അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. 135 കോടി ഇന്ത്യക്കാര്‍ക്ക് ഇത് നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കാരാട്ട് ഫൈസല്‍ പ്രതികരിച്ചു.

🔳സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്. 

🔳പട്ടയഭൂമിയിലെ വാണിജ്യ നിര്‍മ്മാണത്തിനുള്ള നിയന്ത്രണം സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. ഇടുക്കിയില്‍ മാത്രം നിയന്ത്രണം മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു ജില്ലക്ക് മാത്രമായി നിയന്ത്രണം കൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

🔳തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ട്രെയിന്‍ എന്‍ജിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജ്ഞാനേശ്വരനാണ് (14) അതിദാരുണമായി മരിച്ചത്.

🔳കേന്ദ്രമന്ത്രി സദാനന്ദഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു

🔳ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രി മെവാ ലാല്‍ ചൗധരി രാജിവച്ചു. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ചൗധരിയുടെ രാജി. ചൗധരിക്കെതിരായി അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൗധരിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാ ദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു.

🔳തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ ശനിയാഴ്ച അമിത് ഷാ ചെന്നൈയില്‍ എത്താനിരിക്കേ രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി. സൗഹൃദ സംഭാഷണത്തിന് എന്ന പേരിലാണ് സമയം തേടിയിരിക്കുന്നത്. എന്നാല്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്തിമധാരണ ആയിട്ടില്ലെന്ന് രജനീകാന്തിന്റെ ഓഫീസ് അറിയിച്ചു.

🔳മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. പാകിസ്ഥാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.

🔳കൊവിഡ് രോഗ വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതിയും പ്രതിപക്ഷ പാര്‍ട്ടികളും. വിവാഹമടക്കമുള്ള ചടങ്ങുകളില്‍ ആളെണ്ണം കുറയ്ക്കാനെടുത്ത കാലതാമസമാണ് ദില്ലി ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.

🔳കൊവിഡ് പ്രതിരോധത്തെച്ചൊല്ലി പഴികേള്‍ക്കേണ്ടി വന്നതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

🔳ഇന്ത്യയില്‍ ഇന്നലെ 46,185 കോവിഡ് രോഗികള്‍. മരണം 583. ഇതോടെ ആകെ മരണം 1,32,202 ആയി, ഇതുവരെ 90.04 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.43 ലക്ഷം രോഗികള്‍. 84.27 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 7,546 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,535 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,620 പേര്‍ക്കും കര്‍ണാടകയില്‍ 1,849 പേര്‍ക്കും ആന്ധ്രയില്‍ 1,316 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,707 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ആറ് ലക്ഷം കടന്ന് കോവിഡ് രോഗികള്‍. ഇന്നലെ 6,18,840 കോവിഡ് രോഗികള്‍. അമേരിക്കയില്‍ രോഗവ്യാപനം കൂടുന്നു. അമേരിക്കയില്‍ ഇന്നലെ 1,72,132 പേര്‍ക്കും ഇറ്റലിയില്‍ 36,176 പേര്‍ക്കും ഫ്രാന്‍സില്‍ 21,150 പേര്‍ക്കും ജര്‍മനിയില്‍ 23,676 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 22,915 പേര്‍ക്കും പോളണ്ടില്‍ 23,975 പേര്‍ക്കും  രോഗം ബാധിച്ചു. 10,388 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1,831 പേരും ബ്രസീലില്‍ 564 പേരും ഇംഗ്ലണ്ടില്‍ 501 പേരും ഇറ്റലിയില്‍ 653 പേരും പോളണ്ടിലല്‍ 637 പേരും മെക്സിക്കോയില്‍ 502 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.71 കോടി കോവിഡ് രോഗികളും 13.64 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳2020ലെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്‌ക.ാരം.

🔳കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒട്ടേറെ ടെസ്റ്റ് പരമ്പരകള്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ക്രമത്തില്‍ മാറ്റം വരുത്താന്‍ ഐസിസി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതുവരെ കളിച്ച് നേടിയ പോയന്റുകളുടെ ശതമാനക്കണക്കിലാണ് പുതിയ പോയന്റ് സമ്പ്രദായം നിലവില്‍ വന്നത്. ഇതോടെ മൂന്ന് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരങ്ങള്‍ ജയിച്ച് 296 പോയന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്ന ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.നാല് പമ്പരകളില്‍ നിന്ന് ഏഴ് മത്സരം ജയിച്ച് 360 പോയന്റ് നേടിയിരുന്ന ഇന്ത്യയെ ആണ് കുറച്ചു പരമ്പരകളില്‍ നിന്ന് ഏഴ് ജയം നേടയ ഓസ്ട്രേലിയ മറികടന്നത്. പോയന്റ് ശതമാനക്കണക്കില്‍ ഓസീസിന് 82.2 ശതമാനവും ഇന്ത്യക്ക് 75 ശതമാനവുമാണുള്ളത്.

🔳നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രവചനം മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് പരിഷ്‌കരിച്ചു. സമ്പദ് വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജനം (ആത്മനിര്‍ഭര്‍ ഭാരത് 3.0 പാക്കേജ്) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പരിഷ്‌കരണം.  സര്‍ക്കാരിന്റെ കടം 2020 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 89.3 ശതമാനമായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 87.5 ശതമാനമായും കുറയുമെന്നും മൂഡീസ് പ്രവചിച്ചു.

🔳കൊറോണ വൈറസ് വ്യാപനത്തിനിടെ ഹോട്ടലുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഭക്ഷണത്തിനുള്ള കമ്മീഷന്‍ നീക്കി സൊമാറ്റോ. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചത്. ഇതോടെയാണ് നവംബര്‍ 18 മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നത്.

🔳67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് ആരംഭിക്കുന്നു. മലയാളത്തില്‍ നിന്നും 65 സിനിമകളാണ് അവാര്‍ഡിനായി മത്സരത്തിന് ഉണ്ടാവുക. ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. എന്നാല്‍ അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ആഴ്ച മുതല്‍ സ്‌ക്രീനിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ടിനി ടോം നായകനായും ഗായകനായും എത്തിയ ഇംഗ്ലിഷ് മ്യൂസിക് ആല്‍ബം ശ്രദ്ധേയമാവുന്നു. 'ദ സസ്പയര്‍' എന്ന ഗാനമാണ് ടിനിയുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. നിധിന്‍ അനില്‍ വരികളൊരുക്കിയ പാട്ടിനു കിഷന്‍ മോഹനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചു ആണ് സംവിധായകന്‍. സ്റ്റൈലിഷ് ലുക്കിലാണ് ടിനി ടോം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.

🔳ജീവിത തുടിപ്പുകള്‍ നന്നായി അറിയാവുന്ന ഒരു സാംസ്‌കാരികമുഖം ഈ കഥാകൃത്തിനുണ്ട് സമൂഹത്തിന്റെ ഗതിവിഗതികളെ തിരിച്ചറിയാവുന്ന ഒരു തൂലിക മികവ് കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്. 'പെന്‍ഡിംഗ്'. അഭിഷേക് പുരവൂര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 80 രൂപ.

🔳2010ലാണ് ഹോണ്ട സ്‌കൂപ്പിയെ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സ്‌കൂട്ടറിന്റെ അടുത്ത തലമുറ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഏകദേശം 1.05 ലക്ഷം രൂപയാണ് പുത്തന്‍ സ്‌കൂപ്പിയുടെ ആരംഭ എക്സ്-ഷോറൂം വില. എല്‍ഇഡി പ്രൊജക്ടര്‍ ലൈറ്റിംഗ് സിസ്റ്റവുമായിട്ടാണ് പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റ് വരുന്നത്. അവതരിപ്പിച്ച് പത്ത് വര്‍ഷത്തിനകം ഇതുവരെ ഇന്തോനേഷ്യയില്‍ ഇതുവരെ 4.5 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍.

🔳അമിതവണ്ണമുള്ളവരിലും എളുപ്പത്തില്‍ കൊവിഡ് 19 രോഗം പിടിപെടുമെന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമാനമായൊരു നിരീക്ഷണമാണ് യുകെയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയൊരു പഠന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നത്. യുകെയിലെ 'ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. വ്യക്തികളുടെ ജനിതക ഘടകങ്ങളും കൊവിഡും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ഗവേഷകര്‍ പഠനത്തിലൂടെ അന്വേഷിച്ചത്. ഇതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളും അവലംബിച്ചിരുന്നു. ഉയര്‍ന്ന 'ബോഡി മാസ് ഇന്‍ഡെക്‌സ്' (ബിഎംഐ) അഥവാ അമിതവണ്ണം ഉള്ളവരില്‍ കൊവിഡ് 19 എളുപ്പത്തില്‍ പിടിപെടുമെന്നാണ് പഠനത്തിനിടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ കൊവിഡ് പ്രതിരോധത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് രോഗത്തെ ചൊല്ലി ജാഗ്രത പാലിക്കാന്‍ ഇത്തരം വിവരങ്ങള്‍ സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. അമിതവണ്ണമുള്ളവരില്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം ആദിയായ ജീവിതശൈലീരോഗങ്ങളും അധികമായി കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങളും കൊവിഡ് ഗുരുതരമാകുന്നതിനും മറ്റുമായി ഇടയാക്കിയേക്കും. പ്രതിരോധ മാര്‍ഗങ്ങളെ നല്ലത് പോലെ ആശ്രയിക്കുക, ആരോഗ്യം പരിപാലിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് അമിതവണ്ണമുള്ളവര്‍ക്ക് ഈ കൊവിഡ് കാലത്ത് ചെയ്യാനുള്ളത്. ഒപ്പം തന്നെ ആത്മവിശ്വാസത്തോടെയിരിക്കാനും കഴിയണം. മാനസികമായ ശക്തി തീര്‍ച്ചയായും ശാരീരികമായ വിഷയങ്ങളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. 

ശുഭദിനം
കവിത കണ്ണന്‍
ഫെഡ്രിക് ദ ഗ്രേറ്റ് എന്ന ചക്രവര്‍ത്തി ബ്രാന്‍സ്ബര്‍ഗ് എന്ന നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി.  ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസ്സിലാണ് അദ്ദേഹം ആദ്യം കയറിയത്.  ചക്രവര്‍ത്തി ഒരു കുട്ടിയോട് ചോദിച്ചു:  'ബ്രാന്‍സ്ബര്‍ഗ് എന്ന നഗരം ഏതു രാജ്യത്താണ്.?  ജര്‍മ്മിനിയില്‍- കുട്ടി പറഞ്ഞു.  ജര്‍മ്മിനി എവിടെയാണ്?  ചക്രവര്‍ത്തി വീണ്ടും ചോദിച്ചു.  യൂറോപ്പില്‍  കുട്ടി മറുപടി പറഞ്ഞു.  യൂറോപ്പ് എവിടെയാണ് ചക്രവര്‍ത്തി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.  ലോകത്തില്‍.  അപ്പോള്‍ ചക്രവര്‍ത്തി ചോദിച്ചു:  ഈ ലോകം എവിടെയാണ്.  ഒട്ടും സംശയിക്കാതെ ആ കുട്ടി ഇങ്ങനെ പറഞ്ഞു  ലോകം ഈശ്വരന്റെ കൈകളിലാണ്.  അവന്റെ മാതാപിതാക്കളില്‍ നിന്നും ലഭിച്ച പരിശീലനവും പരിജ്ഞാനവുമാണ് ചക്രവര്‍ത്തിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവനെ പ്രാപ്തനാക്കിയത്.  കുഞ്ഞു മനസ്സ് മെഴുകുതിരി പോലെയാണ്.  ചെറുപ്പകാലത്ത് മനസ്സില്‍ പതിയുന്ന കാര്യങ്ങള്‍ ജീവതാന്ത്യം വരെ നിലനില്‍ക്കും.  അത് ഓരോരുത്തുരുടേയും സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായിത്തീരും.  അതുകൊണ്ട് തന്നെ നിതാന്തജാഗ്രത ആവശ്യമായ കാലഘട്ടമാണിത്. പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍, നേര്‍വഴികാട്ടാന്‍ മുതിര്‍ന്നവരായ നമുക്ക് മാതൃകയായി മാറാം - ശുഭദിനം