national
ദീപാവലി വ്യാപാരം പൊടിപൊടിച്ചു; രാജ്യത്തുടനീളം വിറ്റത് 72,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍
മുംബൈ: ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) അറിയിച്ചു. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ പൂർണ ബഹിഷ്കരണം രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തിൽ 10.8 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്.
ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി. ചെറുകിട വ്യാപാരികളുടേയും തൊഴിൽ സംരംഭങ്ങളുടേയും മുൻകിട വക്താവ് കൂടിയാണ് സിഎഐടി. ലഖ്നൗ, നാഗ്പുർ, അഹമ്മദാബാദ്, ജമ്മു, ജയ്പുർ തുടങ്ങിയ മെട്രോ നഗരങ്ങളുൾപ്പെടെ ഇരുപത് നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവിൽപനയുടെ കണക്ക് ശേഖരിച്ചത്.
ഡൽഹി, പശ്ചിമബംഗാൾ, സിക്കിം, ഒഡിഷ, രാജസ്ഥാൻ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും വിൽപന നിരോധനം പടക്കവ്യാപാരികൾക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. കളിപ്പാട്ടങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാത്രങ്ങൾ, മധുരപലഹാരങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, പൂജാവസ്തുക്കൾ തുടങ്ങിയവയുടെ റെക്കോഡ് വിൽപനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.
സാമ്പത്തിക വളർച്ചാനിരക്ക് മന്ദഗതിയിൽ തുടരുന്ന രാജ്യത്ത് സാമ്പത്തികമാന്ദ്യം വീണ്ടും ഗുരുതരമാകുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. എങ്കിലും സെപ്റ്റംബറിലും ഒക്ടോബറിലും വളർച്ചാനിരക്കിൽ സ്ഥിരത നിലനിർത്താനായാൽ ഡിസംബറോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുള്ളതായും റിസർവ് ബാങ്ക് സൂചന നൽകിയിട്ടുണ്ട്.
ഓൺലൈൻ വ്യാപാരത്തിനുള്ള സൗകര്യം എല്ലാ വ്യാപാരികൾക്കും ലഭ്യമാക്കുന്നതിനായി ഭാരത് ഇ മാർക്കറ്റ് എന്ന ഇ-കൊമേഴ്സ് പോർട്ടൽ ഡിസംബറോടെ സിഎഐടി പ്രവർത്തനസജ്ജമാക്കും. ഡിപിഐഐടിയുടെ പങ്കാളിത്തത്തോടെയാവും പോർട്ടൽ പ്രവർത്തിക്കുക. പ്രധാനമന്ത്രിയുടെ സ്റ്റാർട്ട് അപ്പ് ഇന്ത്യ ആൻഡ് ഇൻവെസ്റ്റ് ഇന്ത്യ, ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ടസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ , ചെറുകിട വ്യവസായ നിക്ഷേപകരായ ആവാന ക്യാപിറ്റൽ എന്നിവ പോർട്ടൽ സംരംഭത്തിൽ കൈകോർക്കും.