kerala
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് ; സഹോദരന്മാരെ കാപ്പ ചുമത്തി ജയിലിലടച്ചു
Aluva : നിരവധി കേസുകളിലെ പ്രതിയായ സഹോദരന്മാരെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി നീലീശ്വരം ചേലാട്ട് വിട്ടില്‍ ഡെന്‍സില്‍ (21), ഗോഡ്‌സന്‍ (21) എന്നിവരെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ജയിലിലടച്ചത്. റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കാലടി പൊലീസ് സ്റ്റേഷനില്‍ മാത്രം ഡെന്‍സിലിന്‍റെ പേരില്‍ ഏഴു കേസുകളുണ്ട്. കൊലപാതകശ്രമം, ദേഹോപദ്രവം, വീടുകയറി ആക്രമണം, കഞ്ചാവ് കൈവശം വെക്കല്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം, കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പിക്കല്‍, തുടങ്ങി അഞ്ച് കേസുകളില്‍ പ്രതിയാണ് ഗോഡ്‌സന്‍.
ഇവരെ രണ്ടു പേരെയും 2019 ജൂണില്‍ ആറു മാസത്തേക്ക് നാടുകടത്തിയിരുന്നു. ശിക്ഷ കാലാവധി കഴിഞ്ഞ് നാട്ടില്‍ എത്തിയ ഇവര്‍ നീലീശ്വരത്തെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ വടിവാള്‍ കൊണ്ട് ആക്രമിക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാലടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഇവര്‍ ഒന്നും രണ്ടും പ്രതികളാണ്. തുടര്‍ന്നാണ് ഇവരെ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ഗുണ്ടകള്‍ക്കെതിരെ ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടരുകയാണ്. ഇതുവരെ കാപ്പ നിയമപ്രകാരം 15 പേരെ ജയിലില്‍ അടച്ചിട്ടുണ്ട്. 23 പേരെ നാടുകടത്തി.
റൂറല്‍ ജില്ലയിലെ മറ്റ് കുറ്റവാളികളെ നിരീക്ഷിച്ചു വരികയാണ്. ഇവര്‍ക്കെതിരെ റൂറല്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.
Keywords: operations drak hund, aluva, kerala police, arrested, brothers, kapa