മഹാരാഷ്ട്രയില്‍ നിന്നും സവാളയെത്തി, ഒരാള്‍ക്ക് 1 കിലോ വീതം വില്‍പന; സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിര്‍ത്താനായി നാഫെഡില്‍ നിന്ന് സവാള എത്തിച്ച് സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ് വഴി കിലോയ്ക്ക് 45 രൂപ നിരക്കിലാണ് സവാള വില്‍ക്കുക. ആദ്യഘട്ടമായി 25 ടണ്‍ സവാളയാണ് സംസ്ഥാനത്ത് എത്തിച്ചത്.
സവാള അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. 75 ടണ്‍ സവാളയാണ് നാഫെഡില്‍ നിന്ന് അടിയന്തരമായി എത്തിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നും 25 ടണ്‍ സവാള ആദ്യഘട്ടമായി തിരുവനന്തപുരത്തും കൊച്ചിയിലും ഇറക്കി. വിപണിയില്‍ കിലോയ്ക്ക് 100 രൂപയാണ് വിലയുളള സവാള 45 രൂപ നിരക്കിലാകും ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ വഴി വിറ്റഴിക്കുക
ഒരാള്‍ക്ക് ഒരു കിലോ സവാള മാത്രമേ ഹോര്‍ട്ടികോര്‍പ് വഴി ഒരു ദിവസം നല്‍കൂ. ഈ ആഴ്ച തന്നെ കൂടുതല്‍ സവാള എത്തിച്ച് പരമാവധി ഇടങ്ങളില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഉളളി, വെളുത്തുളളി, കാരറ്റ് തുടങ്ങി വിലക്കയറ്റമുണ്ടായ മറ്റ് പച്ചക്കറികളുടേയും വില പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടയങ്ങളില്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതോടെയാണ് വില അനിയന്ത്രിതമായി കുതിച്ചത്.