kerala News
പിണറായി വിജയൻ സീനിയർ മാൻഡ്രേക്ക് എന്ന് കെഎം ഷാജി; ഇത്രയും നെറികേട് കാണിച്ച മറ്റൊരു സർക്കാരില്ല
സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സഭയിൽ സംസാരിക്കുകയായിരുന്നു ഷാജി. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊന്ന ഉദ്യോഗസ്ഥനെ കൊവിഡിന്റെ മറവിൽ നിങ്ങൾ പുന:പ്രതിഷ്ഠിച്ചില്ലേ, ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരിൽ നിങ്ങൾക്കെതിരെയുള്ള അവിശ്വാസമുണ്ട്. പിണറായി വിജയൻ സീനിയർ മാൻഡ്രേക്ക് ആണെന്നും ഷാജി പറഞ്ഞുകൊവിഡിന് മുമ്പേ നിങ്ങൾ ക്വാറന്റൈനിലാക്കിയത് വി എസ് അച്യുതാനന്ദനെയാണ്. രണ്ടാമത് പാർട്ടി സെക്രട്ടറിയെയാണ്. പിന്നെ ഓരോരോ മന്ത്രിമാരെ ആയി ക്വാറന്റൈനിൽ വിട്ടു. ഒരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണയാമം പരിശീലിക്കുകയാണ്. പിന്നെയൊരു സാധു നല്ല മന്ത്രിയുള്ളത് ജി സുധാകരനാണ്. ഇപ്പോൾ ദുർഗന്ധം പോയി, സുഗന്ധം ആണെന്നാണ് അദ്ദേഹം പറയുന്നത്. നാല് കൊല്ലം അഴിമതിയുടെ നാറ്റം സഹിച്ചതു കൊണ്ടാണ് സുഗന്ധമായി തോന്നുന്നത്. ഒരു കുടുംബം അടക്കം കക്കാനിറങ്ങുകയാണ്. ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടുണ്ടോയെന്നും ഷാജി ചോദിച്ചു
ടീച്ചർക്കറിയുമോ പാലത്തായിയിലെ ഒരു കൊച്ചുകുട്ടിയെ. സംഘ്പരിവാർ അജണ്ടയുടെ ഭാഗമായി നിങ്ങൾ ആ കേസിനെ അട്ടിമറിക്കുമ്പോൾ ആ കുട്ടിയുടെ കണ്ണുനീരിൽ നിങ്ങൾക്കെതിരായ അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരിൽ നിങ്ങൾക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും നൂറുകണക്കിന് അമ്മമാരുടെയും കണ്ണുനീരിൽ ഈ സർക്കാരിനെതിരായ അവിശ്വാസമുണ്ട്.
ഇത്രയും നെറികേട് കാണിച്ച മറ്റൊരു സർക്കാരുണ്ടാകില്ല. വനിതാ പത്രപ്രവർത്തകരെ പോലും എന്ത് വൃത്തികേടും വിളിച്ചു പറയാൻ സഹായം ചെയ്തു കൊടുത്തത് നിങ്ങളാണ്. ഭയപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം.