national
‘രാമന്‍ ആഗതനായി; രാജ്യത്തിന് ഇന്ന് ദീപാവലി’; സുപ്രീംകോടതിക്ക് നന്ദിയെന്ന് മോദി PM Modi
അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ പുതിയ കാലചക്രത്തിന്‍റെ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീണ്ട കാലത്തെ തപസ്യയ്ക്ക് ശേഷം ശ്രീരാമന്‍ എത്തിയെന്നും ത്യാഗത്തിന്‍റെയും തപസിന്‍റെയും ഫലമാണതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇന്നാണ് ദീപാവലി. വൈകുന്നേരങ്ങളില്‍ വീടുകളില്‍ രാമജ്യോതി തെളിയുമെന്നും മോദി പറഞ്ഞു. രാമന്‍ എല്ലാത്തിലും എല്ലായിടത്തുമുണ്ട്. ശ്രീരാമന്‍റെ അനുഗ്രഹം തനിക്ക് ലഭിച്ചു. രാമസേതുവില്‍ നിന്നാണ് താനിവിടേക്ക് വരുന്നത്. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലം രാമക്ഷേത്രം വൈകിയതിന് ക്ഷമ ചോദിക്കുന്നുവെന്നും വിഗ്രഹത്തിനൊപ്പം ചെലവഴിച്ച സമയം വൈകാരികമായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്നേ ദിവസം വിജയത്തിന്‍റേതല്ല, വിനയത്തിന്‍റേതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവാദമുണ്ടാക്കിയവര്‍ വന്ന് രാമനെ ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി. ക്ഷേത്രം പണിതാല്‍ തീപടരുമെന്ന് പറഞ്ഞവര്‍ക്ക് ഇന്ത്യയെ അറിയില്ല. രാമന്‍ തീയല്ല, ഊര്‍ജമാണ്. തര്‍ക്കമല്ല, പരിഹാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത. ദേവനില്‍ നിന്ന് ദേശത്തിലേക്കും രാമനില്‍ നിന്ന് രാഷ്ട്രത്തിലേക്കുമാണെന്നും വികസിത ഇന്ത്യയുടെ അടയാളമാണ് രാമക്ഷേത്രമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന്‍റെ മുഖ്യയജമാനനായ മോദി ആദ്യം ആരതിയുഴിഞ്ഞു. ഉച്ചയ്ക്ക് 12.20 ന് ശേഷമുള്ള അഭിജീത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഇടത് കൈയിൽ അമ്പും വലത് കൈയിൽ വില്ലുമായി സർവാഭരണ ഭൂഷിതനായ രാംലല്ലയെ പ്രധാനമന്ത്രി നമസ്കരിച്ച് പുഷ്പാര്‍ച്ച നടത്തി. വായുസേനയുടെ ഹെലികോപ്റ്ററുകള്‍ അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രിക്ക് പുറമെ മോഹന്‍ ഭാഗവത്, യോഗി ആദിത്യനാഥ്, ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസും അംഗങ്ങളും ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചിരുന്നു