Headlines
Loading...
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുൾപ്പെടെ മൂന്ന് രേഖാ ചിത്രങ്ങൾ പൊലീസ് പുറത്ത്

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുൾപ്പെടെ മൂന്ന് രേഖാ ചിത്രങ്ങൾ പൊലീസ് പുറത്ത്

കൊല്ലം: ഓയൂരില്‍ ആറു വയസ​ുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

ആറു വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ക​ുട്ടി പൊലീസിനോട് പറഞ്ഞത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, ആറു വയസുകാരി ആശുപത്രി വിട്ടു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു കുട്ടി. വ്യാഴാഴ്ച വൈകിട്ടാണ് ആശുപത്രി വിട്ടത്. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ പിതാവ്. നഗരത്തിലെ ഫ്ലാറ്റിലാണു അദ്ദേഹം താമസിച്ചിരുന്നത്. ഫ്ലാറ്റിൽനിന്ന് അദ്ദേഹത്തിന്‍റെ ഒരു ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്