ഇസ്രയേൽ നടപടികൾ സകലപരിധിയും കടന്നുള്ളത്'; രൂക്ഷമായി പ്രതികരിച്ച് ചൈന
ബീജിങ്: ഇസ്രയേലിനെ അതിരൂക്ഷമായി വിമർശിച്ച് ചൈന. സ്വയംപ്രതിരോധത്തിന്റെ അതിർവരമ്പിനും വളരെ അപ്പുറത്തേക്ക് ഗാസയിലെ ഇസ്രയേൽ നടപടികൾ കടന്നുപോയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. ഗാസയിലെ ജനങ്ങളെ ശിക്ഷിക്കുന്ന പ്രവർത്തികൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ചൈന ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത്. സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് യീ ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. "ലോക സമൂഹത്തിന്റേയും യുഎന്‍ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ പരിഗണിക്കണം, ഗാസയിലെ ജനങ്ങളെ ഇങ്ങനെ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കണം"- വാങ് യി പറഞ്ഞു
ചൈനീസ് പ്രതിനിധി സായ് യുൻ അടുത്തയാഴ്ച പശ്ചിമേഷ്യ സന്ദർശിക്കുമെന്ന് സൂചനയുണ്ട്. ഇസ്രയേൽ- ഹമാസ് സമാധാനചർച്ച ഉണ്ടാകണമെന്ന് അദ്ദേഹം സമ്മർദ്ദം ചെലുത്തുമെന്നാണ് വിവരം.
അതേസമയം, ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയിലേക്കും സംഘര്‍ഷം വ്യാപിക്കുകയാണ്. വടക്കന്‍ ഇസ്രയേലിലെ ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലെബനീസ് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ ഇസ്രയേല്‍ നഗരമായ ഷ്തുലയിലാണ് റോക്കറ്റാക്രമണം ഉണ്ടായത്. ഹമാസുമായുള്ള സംഘര്‍ഷം തുടങ്ങിയതിനെ ശേഷം ആദ്യമായാണ് ലെബനന്‍ അതിര്‍ത്തിയില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെടുന്നത്. റോക്കറ്റ് തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ആദ്യമായാണ് വടക്കന്‍ അതിര്‍ത്തിയില്‍ ഹമാസ്-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സേനയും തമ്മില്‍ റോക്കറ്റ് ആക്രമണവും ഷെല്ലിങ്ങും പതിവാണ്. ഇതിനിടെ അതിര്‍ത്തിയില്‍ 4 കിലോമീറ്റര്‍ അടച്ചിടുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.