Headlines
Loading...
മുന്‍ എസ്എഫ്ഐ നേതാവ് വിദ്യ കാസര്‍കോട്ടും വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി

മുന്‍ എസ്എഫ്ഐ നേതാവ് വിദ്യ കാസര്‍കോട്ടും വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി

മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ കാസര്‍കോട്ടും വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരുവര്‍ഷം ജോലിചെയ്തു.  2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയായിരുന്നു നിയമനം.

എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതിന് മുന്‍ എസ്.എഫ്.ഐ നേതാവിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചര്‍ അഭിമുഖത്തിനെത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യയാണ്   രണ്ടുവര്‍ഷത്തെ വ്യാജ പ്രവർത്തിപരിചയ രേഖ ഹാജരാക്കിയത്. ഇൻറർവ്യൂ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്. കാലടി സംസ്കൃത സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയാണ് കെ.വിദ്യ. 

അതേസമയം, എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തിൽ പ്രവർത്തിപരിചയം ഉണ്ടെന്നായിരുന്നു ഉദ്യോഗാർഥിനി അഭിമുഖ പാനലിനുമുന്നിൽ ഹാജരാക്കിയ രേഖ. ജൂൺ രണ്ടിനായിരുന്നു അട്ടപ്പാടി ഗവൺമെന്റ് കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ. മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയിൽ പക്ഷെ പാനലിൽ ഉള്ളവർക്ക് സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 വർഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല എന്നാണ് കോളജ് വ്യക്തമാക്കുന്നത്. വിഷയത്തിൽ കോളജ് കൗൺസിൽ ചേർന്നശേഷം എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ രേഖകൾ ഹാജരാക്കുമ്പോൾ അതത് കോളജുകളാണ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടതെന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്.ജോയ് പറഞ്ഞു.

നേരത്തെ പാലക്കാടും കാസർകോടുമുള്ള രണ്ട് ഗവൺമെന്റ് കോളജുകളിൽ ഉദ്യോഗാർത്ഥിനി ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണ് ഇത്തരത്തിൽ വ്യാജ രേഖ ചമച്ച് ഉദ്യോഗാർത്ഥിനി ജോലി നേടിയത് എന്നാണ് വിവരം. ഉദ്യോഗാർഥിനിക്ക് കാലടി സംസ്കൃത സർവ്വകലാശാലയിൽ പി.എച്ച്.ഡി പ്രവേശനം സാധ്യമാക്കിയതിലും ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ട്.