കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നാടിന്റെ അന്ത്യാഞ്ജലി. വന്ദനയുടെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി എൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഡോ. വന്ദന ദാസ് പഠിച്ച കൊല്ലത്തെ അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ജന്മനാട്ടിലെത്തിയത്. പൊതു ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വന്ദനയുടെ തലയുടെ പിൻഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു. ഡോക്ടറുടെ തലയിൽ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.