റിസര്‍വ് ബാങ്ക് 2022 മെയില്‍ നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടശേഷം വായ്പാ പലിശയ്‌ക്കൊപ്പം ഉടനെ നിക്ഷേപ പലിശയില്‍ വര്‍ധനവുണ്ടായില്ല. വായ്പാ ഡിമാന്‍ഡ് കൂടുകയും പണലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപ പലിശ ഉയര്‍ത്താന്‍ വൈകാതെ ബാങ്കുകള്‍ തയ്യാറായി.
പൊതുമേഖലയിലെ ഉള്‍പ്പടെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലടക്കം 5-8ശതമാനം നിരക്കിലേയ്ക്ക് നിക്ഷേപ പലിശ ഉയര്‍ന്നു. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് നിലവില്‍ ഏറ്റവും കുടുതല്‍ പലിശ ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ വന്‍കിടയെന്നോ ചെറുകിടയെന്നോ നോക്കാതെ നിക്ഷേപിക്കാം.
യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒമ്പത് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത്. 181 ദിവസം, 501 ദിവസം എന്നീ കാലയളവിലെ നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ ലഭിക്കും. മുതിര്‍ന്നവരല്ലാത്തവര്‍ക്ക് ഈ കാലയളവിലെ പലിശ 8.50ശതമാനമാണ്.
ഉത്കര്‍ഷ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75ശതമാനം പലിശ നല്‍കുന്നുണ്ട്. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും സമാന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇസാഫ് ബാങ്കില്‍ 999 ദിവസക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50ശതമാനം പലിശയാണ് ലഭിക്കുക. സാധാരണക്കാര്‍ക്ക് ഈകാലയളവില്‍ 8 ശതമാനവും. മിക്കവാറും ബാങ്കുകളില്‍ ഓണ്‍ലൈനായി നിക്ഷേപം നടത്താനും സൗകര്യമുണ്ട്.
നിക്ഷേപത്തിന് പരിരക്ഷ
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ അഞ്ചു ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നിക്ഷേപവും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് പരിരക്ഷയ്ക്കായി പരിഗണിക്കുക. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷനാണ് ഇതിന്റെ ചുമതല. സേവിങ്‌സ്, കറന്റ്, റിക്കറിങ് എന്നിവ ഉള്‍പ്പടെ എല്ലാ വിഭാഗം നിക്ഷേപങ്ങള്‍ക്കും പരിരക്ഷ ബാധകമാണ്. ഒരു ബാങ്കില്‍ ഒരാളുടെ പേരിലുള്ള നിക്ഷേപത്തിന് പരമാവധി പരിരക്ഷ അഞ്ചു ലക്ഷം രൂപയായിരിക്കും.