kerala
Shihab Thangal
'ശരിക്കൊപ്പം എന്നും നിലകൊണ്ട വലിയ മനുഷ്യന്‍'; ഹൈദരലി തങ്ങള്‍ ഗുരുസ്ഥാനീയനെന്ന് പ്രതിപക്ഷ നേതാവ്
സ്‌നേഹ, സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
യുഡിഎഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച വ്യക്തിയായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന്‍ കടന്നു പോകുന്നത് തീരാനഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
എന്നും സ്‌നേഹവാത്സല്യങ്ങള്‍ തന്നിരുന്ന വ്യക്തിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍. കൃത്യമായ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.
മതനിരപേക്ഷ കേരളത്തിന്റെ കാവല്‍ക്കാരില്‍ ഒരാള്‍ കൂടി യാത്രയായിരിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.
പ്രിയ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട... വര്‍ഗ്ഗീയ ശക്തികള്‍ ഈ മണ്ണില്‍ വേരുറപ്പിക്കാതിരിക്കാന്‍, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാന്‍ ജീവിതത്തിലുടനീളം പോരാടിയ സ്നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മകളില്‍ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജ്വലിച്ചു നില്‍ക്കും. ആദരാഞ്ജലികള്‍!. എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു