kerala
Shihab Thangal
ഹൈദരലി ശിഹാബ് തങ്ങള്‍ കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം: മുഖ്യമന്ത്രി
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നും കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും എംബി രാജേഷ് പ്രതികരിച്ചു.മതനിരപേക്ഷ കേരളത്തിന്റെ കാവല്‍ക്കാരില്‍ ഒരാള്‍ കൂടി യാത്രയായിരിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം.
നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന
പ്രിയ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട... വര്‍ഗ്ഗീയ ശക്തികള്‍ ഈ മണ്ണില്‍ വേരുറപ്പിക്കാതിരിക്കാന്‍, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാന്‍ ജീവിതത്തിലുടനീളം പോരാടിയ സ്‌നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മകളില്‍ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജ്വലിച്ചു നില്‍ക്കും. ആദരാഞ്ജലികള്‍!. എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.