Ukraine vs Russia
റഷ്യയുടെ നാലാമത്തെ മേജര്‍ ജനറലും കൊല്ലപ്പെട്ടു; 'സമാധാന ചര്‍ച്ചയില്‍ പുരോഗതി'
കീവ്: യുക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ നാലാമത്തെ മേജര്‍ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശക്തമായ ആക്രമണം നടക്കുന്ന മരിയൂപോളിലെ ഏറ്റുമുട്ടലില്‍ മേജര്‍ ജനറല്‍ ഒലെഗ് മിത്യേവ് (47) ആണ് കൊല്ലപ്പെട്ടത്.
ഒലെഗിന്റെ മൃതദേഹത്തിന്റെ ചിത്രം യുക്രൈന്‍ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ചെങ്കോ പുറത്തുവിട്ടു. യുദ്ധത്തില്‍ കൊല്ലപ്പെട്ട നാലാമത്തെ റഷ്യന്‍ ജനറലാണ് ഇദ്ദേഹമെന്ന് യുക്രൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒരു റഷ്യന്‍ ജനറല്‍ കൂടി മരണപ്പെട്ടതായി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല.
അതേസമയം, യുക്രൈനുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റഷ്യ പറഞ്ഞു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ചര്‍ച്ചയില്‍ ചില ധാരണകള്‍ ഉരുത്തിരിഞ്ഞതായാണ് ലാവ്‌റോവ് പറഞ്ഞത്.