
kerala
'രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആര്‍എസ്എസ് അല്ല'; ഹിജാബ് വിഷയത്തില്‍ സുധാകരന്‍
ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധ:പതിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയിലെ ' ഹിജാബ് ' വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.
''സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ 'ഹിജാബ്' (ശിരോവസ്ത്രം) ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആര്‍എസ്എസ് അല്ല. 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ ,ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കൊരുത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്. ജാതിമത ചിന്തകള്‍ക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചത്.''-സുധാകരന്‍ പറഞ്ഞു.
''വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തെരുവുകളെ സംഘര്‍ഷഭരിതമാക്കുന്ന, മതവെറി തലച്ചോറില്‍ പേറുന്ന വലിയൊരു വിഭാഗം തീവ്രവാദികളെ ബിജെപി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നു. 'ജയ് ശ്രീറാം ' എന്നും 'അള്ളാഹു അക്ബര്‍ ' എന്നുമുള്ള മന്ത്രധ്വനികളെ പോര്‍വിളികളാക്കി മാറ്റി ഈ മണ്ണിന്റെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുറിവേല്‍ക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണ്. ഇങ്ങനൊരിന്ത്യയ്ക്ക് വേണ്ടിയല്ല ഗാന്ധിജിയും പട്ടേലും നെഹ്‌റുവും ആസാദും നേതാജിയും അടക്കം മഹാരഥന്‍മാരായ നേതാക്കള്‍ ജീവനും ജീവിതവും കൊണ്ട് പോരാടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും.'' മതകലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും തടഞ്ഞിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
'കലാലയങ്ങള്‍ വര്‍ഗീയത നിറഞ്ഞ് കളിക്കുന്ന അരങ്ങാവരുത്'
ബിജെപിയും ആര്‍എസ്എസും കുട്ടികളുടെ മനസില്‍ വിഷം കുത്തി വയ്ക്കുകയാണെന്ന് രമേശ് ചെന്നിത്തല. കലാലയങ്ങള്‍ വര്‍ഗീയത നിറഞ്ഞ് കളിക്കുന്ന അരങ്ങാവരുതെന്നും ഹിജാബ് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞു.
''ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ഓരോ പൗരന്റെയും അവകാശമാണ്. അതിന് വേണ്ടിയാണ് നമ്മുടെ നേതാക്കള്‍ നമുക്ക് ജീവന്‍ നല്‍കി സ്വാതന്ത്ര്യം വാങ്ങി തന്നത്. അതിനു വേണ്ടിയാണ് ഇന്ദിരാജിയും രാജീവ്ജി യും ജീവന്‍ ബലി നല്‍കിയത്. ഫാസിസത്തിന്റെ മുഖമൂടി അണിഞ്ഞ് ഇന്ത്യ ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും കുട്ടികളുടെ മനസ്സില്‍ വിഷം കുത്തി വയ്ക്കുകയാണ്. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു തലമുറയെ ഭാവി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതില്‍ നിന്നും പിന്‍തിരിയണം. കലാലയങ്ങള്‍ വര്‍ഗീയത നിറഞ്ഞ് കളിക്കുന്ന അരങ്ങാവരുത്.''-ചെന്നിത്തല പറഞ്ഞു.