
kerala
അതിസാഹസിക രക്ഷാദൗത്യം വിജയം; ബാബുവിനെ രക്ഷപ്പെടുത്തി സെെന്യം
48 മണിക്കൂര്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൂര്‍മ്പാച്ചി മല റെസ്‌ക്യൂ ഓപ്പറേഷന്‍ പൂര്‍ണ വിജയത്തിലേക്ക് എത്തുന്നു. അപകടത്തില്‍പ്പെട്ട ബാബുവിനെ അല്‍പ്പ സമയത്തിനുള്ളില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ ബാബുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം. അതീവ സന്തോഷവനായി ബാബു നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം.
വെള്ളവും ഭക്ഷണവും ലഭിക്കാതെ 42 മണിക്കൂറോളം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷപ്പെടുത്തണമെന്ന് സൈന്യത്തിന് രാവിലെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നു. ബാല എന്ന ഉദ്യോഗസ്ഥനാണ് ദൗത്യമേറ്റടുത്ത് മുന്നിട്ടിറങ്ങിയത്. ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെയാണ് ബാല നീങ്ങിയിറങ്ങിയത്. നേരത്തെ കാറ്റിന്റെ ഗതി കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ച എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
രാത്രി മുഴുവന്‍ ബാബു ഉറങ്ങാതെ ഇരുത്താന്‍ കരസേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപകടം നിറഞ്ഞ സ്ഥലത്തേക്ക് ബാല ഇറങ്ങുമ്പോള്‍ എത്രത്തോളം വിജയമാവുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഹെലികോപ്റ്ററില്‍ ലിഫ്റ്റ് ചെയ്യാനാവില്ലെന്ന് ബോധ്യമായതോടെയാണ് ബാലയുടെ കൈകളിലേക്ക് ദൗത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എത്തിയത്.
പര്‍വതാരോഹണത്തില്‍ വിദഗ്ദ്ധരായ കരസേനയുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. കരസേന ഉദ്യോഗസ്ഥന്‍ ബാല അടുത്തെത്തുന്നതിന് മുന്‍പ് തന്നെ ബാബുവിന് ദൗത്യ സംഘത്തിന് വെള്ളമെത്തിച്ചിരുന്നു. ബാല എത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിലേക്ക് കയറി, ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമായി. ആരോഗ്യം മോശാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായതോടെയാണ് ദൗത്യം നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് വളരെ കൃത്യമായ ധാരണയുണ്ടാക്കാന്‍ നേരത്തെ സാധിച്ചിരുന്നു. സൈന്യം കൈയ്യടിച്ചാണ് ബാബുവിനെ മുകളിലേക്ക് കയറ്റിയത്. മലയുടെ മുകളിലേക്ക് കയറുമ്പോള്‍ ബാബു അമാനുഷികമായ കരുത്ത് കാണിച്ചിരുന്നുവെന്നാണ് കരസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാലിന് പരിക്കേറ്റതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ബാബു തന്നെ മൊബൈലില്‍ പകർത്തിയിരുന്നു.