Headlines
Loading...
'അവർ കൊല്ലുമെന്ന് പറഞ്ഞത് കൊണ്ടാ ആശുപത്രിയിൽ വിടാതിരുന്നത്'; ഇടറിക്കൊണ്ട് ദീപുവിന്റെ അച്ഛൻ

'അവർ കൊല്ലുമെന്ന് പറഞ്ഞത് കൊണ്ടാ ആശുപത്രിയിൽ വിടാതിരുന്നത്'; ഇടറിക്കൊണ്ട് ദീപുവിന്റെ അച്ഛൻ

 
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദനം മൂലമെന്ന് ദീപിവിന്റെ അച്ഛന്‍ കുഞ്ഞാറു. ദീപുവിനെ മര്‍ദ്ദിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോഴും മകനെ മര്‍ദിച്ചു. പിന്നില്‍ നിന്നാണ് മതന് തലയ്ക്ക്ടിയേറ്റതെന്നും ദീപുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ദീപുവിന് നേരെ ഭീഷണിയുണ്ടായിരുന്നു. മര്‍ദനമേറ്റപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചികിത്സ തേടാതിരുന്നത് കൊല്ലുമെന്ന ഭീഷണി മൂലമാണ്. മകനെ ആക്രമിക്കുമെന്ന ഭയത്താല്‍ തന്റെ നിര്‍ബന്ധം കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആശുപത്രിയില്‍ പോവാതിരുന്നതെന്നും ദീപുവിന്റെ അച്ഛന്‍ ഇടറിക്കൊണ്ട് പറഞ്ഞു.

അതേസമയം ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്. ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസ്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം നോട്ടീസ് അയക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ദീപുവിന്റെ മൃതശരീരം കിഴക്കമ്പലത്ത് എത്തിച്ചത്. ട്വന്റി 20 ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. നൂറുകണക്കിനാളുകളാണ് ദീപുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം കാക്കനാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

കഴിഞ്ഞയാഴ്ച ട്വന്റി ട്വന്റിയുടെ വിളക്കണക്കല്‍ പ്രതിഷേധ സമയത്ത് നാല് പേര്‍ ദീപുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികാവയങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ദീപു വീട്ടില്‍ വെച്ച് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് പഴനങ്ങാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റി. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു.കേസില്‍ സിപിഐഎം കാവുങ്ങല്‍ ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍, പാറാട്ടുവീട്ടില്‍ അബ്ദുള്‍ റഹ്മാന്‍, സൈനുദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയ പറമ്പില്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. 

സിപിഐഎം പ്രവര്‍ത്തകനായിരുന്ന ദീപു പിന്നീട് ട്വന്റി ട്വന്റിയിലേക്ക് വരികയായിരുന്നു. ട്വന്റി ട്വന്റിയുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ദീപു സിപിഐഎം വിടുന്നത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയുമായിരുന്നു. നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സികെ ദീപു. കാവുങ്ങപ്പറമ്പ് വാര്‍ഡില്‍ പാറപ്പുറം എസ് സി കോളനിയിലൊന്നിലാണ് ദീപുവും കുടുംബവും താമസിക്കുന്നത്. ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറും മാതാവ് കാര്‍ത്തുവും രോഗികളാണ്. അവരുടെ ഏക ആശ്രയമായിരുന്നു ദീപു.