Headlines
Loading...
യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

അന്താരാഷട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നിരക്കില്‍ കുത്തനെ ഇടിവുണ്ടായത്.

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും. എമിറേറ്റ്‌സ് എയര്‍ലൈനും, ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്.

ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിര്‍ഹവും (ഏകദേശം 6000 രൂപ) അതില്‍ താഴെയുമായി കുറഞ്ഞു. ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് വിമാന ടിക്കറ്റ് നിരക്ക്.എന്നാല്‍ യുഎഇയിലെ പുതിയ വാരാന്ത്യ അവധി മാറ്റമൊന്നും യാത്രാ നിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യുഎഇ ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കില്‍ കുറവുണ്ടായിരുന്നത്.

അതേസമയം, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനയാത്രാ നിരക്കില്‍ വര്‍ധന തുടരുകയാണ്. കൊച്ചിയില്‍ നിന്ന് ദുബായ് 1300 ദിര്‍ഹം വരെ (ഏകദേശം 26,000 രൂപ വരെ) ചെലവാകും. തിരുവനന്തപുരത്തു നിന്നും ദുബാിലേക്ക് ടിക്കറ്റിന് ചില വിമാനങ്ങള്‍ 1500 മുതല്‍ 4000 ദിര്‍ഹം വരെ (ഏകദേശം 30,000 രൂപ മുതല്‍ 80,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ദുബായിലേക്ക് 1000മുതല്‍ 1400 ദിര്‍ഹത്തിനിടയ്ക്കാണ്(ഏകദേശം 20,000 - 28,000 രൂപ)നിരക്ക്. ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുളള വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1500 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്.