kerala
വഖഫ് ബോര്‍ഡ് നിയമന വിവാദം; മുഖ്യമന്ത്രി ഇന്ന് സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തും
വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി ഇന്ന സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പങ്കെടുക്കുക. വഖഫ് വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിട്ടില്ല.
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്ത ഉയര്‍ത്തുന്ന പ്രധാന ആവശ്യം. പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം എന്ന നിര്‍ദ്ദേശമാകും ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക.
വഖഫ് വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് സമസ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പളളികളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കണമെന്ന് സമസ്ത പ്രസിഡന്റ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞിരുന്നു.വഖഫ് വിവാദത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടത്തുന്നത്.
ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത പ്രകടിപ്പിച്ചിരുന്നു. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍കൂടി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.