national
വരുണ്‍ സിംഗ് വിടവാങ്ങുമ്പോള്‍ കണ്ണീരണയുന്നത് നഞ്ചപ്പസത്രമെന്ന ഗ്രാമം
വ്യോമസേനാ ഹെലികോപ്റ്റര്‍ കൂനുരിലെ മലനിരയില്‍ തകര്‍ന്നു വീണപ്പോള്‍ ആദ്യം ഓടിയെത്തിയത് നഞ്ചപ്പസത്രമെന്ന് ഗ്രാമത്തിലെ ഒരുപറ്റം സാധാരണക്കാരാണ്. കോപ്റ്ററില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് കത്തിയമര്‍ന്ന ചിലര്‍ താഴേക്ക് പതിക്കുന്നത് കണ്ടിട്ടും അടിപതറാതെ അവര്‍ ഓടിയെത്തി. ജീവന്റെ അംശം എവിടെയെങ്കിലും ബാക്കിയുണ്ടോയെന്ന് നോക്കി ഓരോരുത്തരെയായി എടുത്ത് ആശുപത്രിയിലേക്ക് ഓടി. പുറത്തെടുക്കുമ്പോള്‍ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നു. വേദനയിലും രക്ഷാപ്രവര്‍ത്തകരോട് അദ്ദേഹം പേരു പറഞ്ഞു.
ബിപിന്‍ റാവത്തിനെ രക്ഷപ്പെടുത്താനാവും എന്നായിരുന്നു ഗ്രാമവാസികള്‍ കരുതിയത്. ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ജീവന്റെ തുടിപ്പ് ബാക്കിയുള്ള വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിലായിരുന്നു പിന്നീടുള്ള പ്രതീക്ഷകള്‍. ജീവന്‍ പണയപ്പെടുത്തിയാണ് വരുണ്‍ സിംഗിന് പുറത്തെടുക്കുന്നത്. ആദ്യം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രകാരം 45 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിംഗ് ജീവിതത്തിലേക്ക് തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ. ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വരുണ്‍ മരുന്നുകളോട് ആദ്യഘട്ടത്തില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു.
വരുണ്‍ സിംഗ് ഇപ്പോഴും ജീവനോടയിരിക്കാന്‍ കാരണം ഗ്രാമവാസികളാണെന്ന് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ എ.അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരു്ന്നു. കരസേന നഞ്ചപ്പസത്രം ദത്തെടുക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ഗ്രാമവാസികള്‍ക്ക് കരസേന കഴിഞ്ഞ ദിവസം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലഫ്. ജനറല്‍ എ.അരുണ്‍ ഇക്കാര്യം പറഞ്ഞത്.പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവയാണ് വിതരണം ചെയ്തതത്. കൂടാതെ അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്കു 5000 രൂപ വീതവും കരസേന നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറിയിരുന്നു.
കൂനുരിലെ പോലെയുള്ള അപകടങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും പ്രയാസകരമായ കാര്യമാണ് രക്ഷാപ്രവര്‍ത്തനം. മിക്ക ആകാശ അപകടങ്ങളും കടലിലോ നിബിഡ വനത്തിലോ ആയിരിക്കും നടക്കുക. അധികൃതര്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ ഇതൊന്നും തടസമക്കാതെ ഓടിയെത്തിയ നഞ്ചപ്പസത്രത്തിന്റെ ജീവന്‍ പണയപ്പെടുത്തിയ പ്രയത്‌നമാണ് വരുണ്‍ സിംഗ്. രാജ്യത്തിന്റെ ധീരപുത്രന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അത് നഞ്ചപ്പസത്രത്തിന്റെ കൂടെ നഷ്ടമാണ്.