
national
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന ബില്‍ രാജ്യസഭയിലും പാസാക്കി
ന്യൂഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ ഭരണപക്ഷം പതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. ഇന്നലെയാണ് ലോക്‌സഭയിലും പ്രതിപക്ഷ ബഹളത്തിനിടെയാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്.പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിനാല്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും.
വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന കേന്ദ്രത്തിന്റെ പഴയ വാദത്തെ തള്ളുന്നതായണ് പുതിയ ബില്‍. ഇതോടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് അടക്കം ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി ഹാജരാക്കണം. നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ നിശ്ചിത തിയതികള്‍ക്കുള്ളില്‍ ആധാറുമായി വോട്ടര്‍ ഐഡി ലിങ്കുചെയ്യണമെന്നും ബില്‍ ആവശ്യപ്പെടുന്നു. ഭേദഗതി പ്രകാരം ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കാം. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് അതത് തിയതികളില്‍ നടപടിയുടെ ഭാഗമാകാം. നിലവില്‍ ജനുവരി ഒന്നുവരെ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് ആ വര്‍ഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകുക.
നാല് ഭേദഗതിയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ അംഗീരിച്ച കാരണങ്ങളാല്‍ ആധാര്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് ഇളവുള്ളത്. ജനപ്രാതിനിധ്യ നിയമത്തിലെ 14-ാം വകുപ്പാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 20-ാം വകുപ്പില്‍ ഭേദഗതി വരുത്തി ഭാര്യ എന്ന വാക്ക് പങ്കാളി എന്നാക്കി. പോളിങ് ബൂത്ത്, വോട്ടെണ്ണല്‍ കേന്ദ്രം, സാമഗ്രികള്‍ സൂക്ഷിക്കുന്നതിന്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ താമസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നല്‍കികൊണ്ടുമാണ് ഭേഗഗതി.
പ്രതിപക്ഷത്തില്‍ വോട്ടെടുപ്പ് ആവശ്യത്തെ തള്ളികൊണ്ട് ശബ്ദവോട്ടെടുപ്പോടെയാണ് ലോക്‌സഭയിലും സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. വോട്ടര്‍ പട്ടികയില്‍ ഒരു വര്‍ഷം ഒന്നിലധികം തവണ പുതുക്കാനുള്ള ബില്ലിലെ വ്യവസ്ഥയെ പ്രതിപക്ഷം ചോദ്യംചെയ്തു. പൗരന്റെ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് ബില്ലെന്നും സുപ്രിംകോടതിയുടെ ആധാര്‍ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു.