
national
ഇന്ത്യാവിരുദ്ധ, വ്യാജ വാർത്താ പ്രചരണം; 20 യുട്യൂബ് ചാനലുകളും രണ്ട് വെബ്സെെറ്റുകളും നിരോധിച്ച് കേന്ദ്രം
ഇന്ത്യാ വിരുദ്ധതയും വ്യാജവാർത്തകളുടെ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കശ്മീര്‍ വിഷയം, ഇന്ത്യന്‍ സെെന്യം, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പ്രചരിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്ര ഇന്റലിജന്‍സുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നയാ പാകിസ്താന്‍' ഗ്രൂപ്പിന്റെ (എൻപിജി) ചാനലുകളും നിരോധിക്കപ്പെട്ട 20 യൂട്യൂബ് ചാനലുകളില്‍ ഉൾപ്പെടുന്നു. 35 ലക്ഷത്തിലധികം യൂട്യൂബ് ചാനലുകളുള്ള ഇവരുടെ വീഡിയോകള്‍ക്ക് 55 കോടിയിലധികം കാഴ്ചക്കാരാണുള്ളത്.
ദി പഞ്ച് ലൈൻ, ഇന്റർനാഷണൽ വെബ് ന്യൂസ്, ഖൽസ ടിവി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ന്യൂസ് 24, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്സ്, പഞ്ചാബ് വൈറൽ, നയാ പാകിസ്ഥാൻ ഗ്ലോബൽ, കവർ സ്റ്റോറി എന്നിവ നിരോധിക്കപ്പെട്ട യൂട്യൂബ് ചാനലുകളില്‍ ഉൾപ്പെടുന്നു.
കശ്മീർ ഗ്ലോബൽ, കശ്മീർ വാച്ച് എന്നീ രണ്ട് വെബ്‌സൈറ്റുകളാണ് പൂർണമായും നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലുകളും വെബ്സെെറ്റുകളും നിരോധിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.