
kerala
'രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല'; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശദീകരണം തളളിയാണ് ഗവര്‍ണറുടെ മറുപടി. ഗവര്‍ണര്‍ എന്ന നിലയില്‍ വിസി നിയമനത്തില്‍ രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. ഭിന്നതയുണ്ടാക്കേണ്ട എന്നു കരുതിയാണ് ചാന്‍സലര്‍ പദവി വേണ്ട എന്ന് പറഞ്ഞത്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കുളള മറുപടി നല്‍കിയത്.
കണ്ണൂര്‍ വിസി നിയമനത്തില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. നിയമനം അംഗീകരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണ്. വിസിയുടെ പുനര്‍നിയമനവും കാലാവധി നീട്ടലും വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം സര്‍ക്കാരിന് മാത്രമാണ് ബാധകമെന്നും ഗവര്‍ണര്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
കാലടി സര്‍വകലാശാലയില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും ആരിഫ് മുഹമ്മദ്ഖാന്‍ തളളി. അത് താന്‍ അംഗീകരിച്ചെങ്കില്‍ എന്തിന് മുഖ്യമന്ത്രിക്ക് കത്തയക്കണമെന്നും ഒരു പേര് മാത്രം മതി എന്ന് പറഞ്ഞത് മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞുവെന്നും ഗവര്‍ണര്‍ ചോദിച്ചു.
നിയമപ്രകാരമുളള തന്റെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഒരിക്കല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി. ഇനി അതിന് നിന്നു കൊടുക്കാനാവില്ല അതുകൊണ്ടാണ് ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പദവിയില്‍ നിന്ന് നീക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഓര്‍ഡിനന്‍സിലൂടെ മാറ്റട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംസാരിക്കാനില്ല. കത്തയച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു.
കാലടി സര്‍വകലാശാല വിസിക്കായുള്ള പാനല്‍ നിരാകരിച്ചത് ഗവര്‍ണറാണ്. സമിതിക്ക് ബോധ്യമുള്ള ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചത് പൂര്‍ണ മനസ്സോടെയാണെന്നും നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.