ദുബായ്: ഒക്ടോബർ ഒന്നിനു തുടങ്ങിയ എക്സ്പോയിൽ ഈ മാസം 13 വരെ 63 ലക്ഷത്തിലേറെ സന്ദർശകർ എത്തിയതായി സംഘാടകർ അറിയിച്ചു. ക്രിസ്മസ്-പുതുവത്സരം ആഘോഷമാകുന്നതോടെ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. 19ന് എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഗീത പരിപാടി അരങ്ങേറും.
റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയിൽ ഇന്ത്യയടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള 50 വനിതാ പ്രതിഭകളാണുള്ളത്. പുതുവത്സരത്തിന് സംഗീത-നൃത്ത പരിപാടികൾ, ഘോഷയാത്ര, കരിമരുന്നു പ്രയോഗം തുടങ്ങിയവ ഉണ്ടാകും. പവിലിയനിലെ കാഴ്ചകളും കലാപരിപാടികളും കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ പ്രതിഭകളും കായിക താരങ്ങളും എക്സ്പോ പവിലിയനുകളിൽ സന്ദർശനം നടത്തി. 18 വയസ്സിനു മുകളിലുള്ള സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കണം.