തിരുവനന്തപുരം∙ കണിയാപുരത്ത് യുവാവിനെ മര്‍ദിച്ചയാള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ തിരുവനന്തപുരം മംഗലപുരം എസ്ഐ തുളസീധരൻ നായർക്ക് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിന്റേതാണ് ഉത്തരവ്.
കേസെടുക്കാന്‍ വൈകിയതും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതും വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എസ്ഐയ്‌ക്കെതിരെ നടപടിയെടുത്തത്.യുവാവിനെ തടഞ്ഞ് നിര്‍ത്തി ക്രിമിനല്‍ സംഘം മർദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പൊലീസ് തയാറായിരുന്നില്ല.
കണിയാപുരത്തിനടുത്ത് പുത്തന്‍തോപ്പില്‍ താമസിക്കുന്ന എച്ച്. അനസാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. മര്‍ദനമേറ്റ് നിലത്ത് വീണിട്ടും നിലത്തിട്ട് ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളമാണ് ക്രൂരത തുടർന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അനസ്. വഴിയില്‍ വച്ച് ഒട്ടേറെ കേസുകളില്‍ പ്രതിയായ മസ്താന്‍മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തില്‍ ബൈക്ക് തടഞ്ഞ് താക്കോല്‍ ഊരിയെടുത്തു. ഇതിനെ എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം മര്‍ദിച്ചുവെന്നാണ് പരാതി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് അവരുടെ സ്റ്റേഷന്‍ പരിധിയില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതെ മടങ്ങി. അധികാരപരിധിയുള്ള മംഗലപുരം പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ചികിത്സയില്‍ കഴിയുന്ന അനസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയാല്‍ കേസെടുക്കുന്നത് ആലോചിക്കാമെന്ന് ആദ്യഘട്ടത്തിൽ നിലപാട് സ്വീകരിക്കുകയായിരുന്നു