kerala
പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തിയത് പ്രതിസന്ധികളെ മറികടന്നെന്ന് മന്ത്രി ശിവന്‍കുട്ടി; 'വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നന്ദി'
കൊവിഡ് മഹാമാരിക്കാലത്ത് നിരവധി പ്രതിസന്ധികളെ മറികടന്നാണ് വിദ്യാഭ്യാസവകുപ്പ് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. സെപ്തംബര്‍ 6 മുതല്‍ 18 വരെയാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനായെന്നും ശിവന്‍കുട്ടി പറഞ്ഞു.
അധ്യയനം നേരിട്ട് ലഭിക്കാത്ത കുട്ടികളാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്നത്. ഫോക്കസ് ഏരിയ നിശ്ചയിച്ചു നല്‍കുകയും 200% ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യപ്പേപ്പര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ പോകുകയും പരീക്ഷയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടാകുകയും ചെയ്തു. സ്റ്റേ മാറിയതിനു ശേഷം സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ പരീക്ഷ നിശ്ചയിച്ചു. മഴ കനത്ത പശ്ചാത്തലത്തില്‍ പതിനെട്ടാം തീയതിയില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 26 ലേക്ക് മാറ്റി. രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടന്നത്. ഒക്ടോബര്‍ 20 മുതല്‍ 27 വരെയും നവംബര്‍ 8 മുതല്‍ 12 വരെയും. ഈ മാസം 23ന് പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലം അന്തിമമാക്കുകയും 27ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കൊവിഡ്, മഴക്കെടുതി, നിയമ പോരാട്ടങ്ങള്‍ തുടങ്ങി പ്രതിസന്ധികള്‍ മറികടന്നാണ് പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനുമായത്. ഇത് മികച്ച നേട്ടം ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിദ്യാര്‍ഥികള്‍,രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം പൊതുസമൂഹം ഒന്നാകെ അണിനിരന്നാണ് പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയതെന്നും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു