Headlines
Loading...
'പട്ടിയെപ്പോലെ വലിച്ചിഴച്ചു, ചവിട്ടിയാണ് കയറ്റിയത്, ഗുണ്ടകളെപ്പോലും ഇങ്ങനെ കൊണ്ടുപോകില്ല'; പൊലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍

'പട്ടിയെപ്പോലെ വലിച്ചിഴച്ചു, ചവിട്ടിയാണ് കയറ്റിയത്, ഗുണ്ടകളെപ്പോലും ഇങ്ങനെ കൊണ്ടുപോകില്ല'; പൊലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍

മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തങ്ങളെ പ്രകോപനവും കൂടാതെയാണ് പൊലീസ് അറസ്റ്റുചെയ്തതെന്ന് അൽ അസർ ലോ കോളേജ് വിദ്യാർത്ഥികള്‍. പരാതി നല്‍കാന്‍ അനുവദിച്ചില്ലെന്നും പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് പെണ്‍കുട്ടികളോട് അടക്കം മോശമായാണ് പെരുമാറിയതെന്നും വിദ്യാർത്ഥികള്‍ ആരോപിച്ചു.ഒരു സഹപാഠി നീതി നിഷേധിക്കപ്പെട്ട് ജീവനൊടുക്കിയപ്പോള്‍, അവളെ കൊലയ്ക്ക് കൊടുത്തപ്പോഴാണ് പ്രതിഷേധിച്ചത്. ഒരു പാർട്ടിയുടെയും കൊടിയുടെയും ബലമില്ലാതെ വിദ്യാർത്ഥികളെന്ന നിലയിലായിരുന്നു പ്രതിഷേധം. നിയമത്തില്‍ വിശ്വസിക്കുന്നവരായതിനാലാണ് എസ്പി ഓഫീസില്‍ പരാതിയുമായി സമീപിച്ചത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും വിദ്യാർത്ഥികള്‍ പറയുന്നു.

ഗുണ്ടകളെപ്പോലെയാണ് പോലെയാണ് പെണ്‍കുട്ടികളെ അടക്കം വലിച്ചിഴച്ചുകൊണ്ടുപോയത്. നാല് പെണ്‍കുട്ടികളെ പരാതി നല്‍കാന്‍ കയറ്റിവിടണമെന്നാവശ്യപ്പെട്ടതിനാണ് അറസ്റ്റടക്കം ഉണ്ടായത്. പരാതി നല്‍കാന്‍ അനുമതി ലഭിച്ച് സ്റ്റേഷനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോഴും കാലുകൊണ്ട് ചവിട്ടിയാണ് അകത്തേക്ക് കയറ്റിയത്. പൊലീസ് അസഭ്യ വർഷം നടത്തിയെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.ഈ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷിന് മുന്നിലെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. എസ്പിക്ക് നേരിട്ട് പരാതി കെെമാറുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികള്‍ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന് എസ്പി ഉറപ്പു നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് 17 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തത്. എസ്പിക്ക് പരാതി നൽകാനെത്തിയ പെണ്‍കുട്ടികടങ്ങിയ സംഘം പരാതി നല്‍കാന്‍ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. എആർ ക്യാമ്പിലെത്തിച്ച ഇവരെ വിട്ടയച്ചു.