Headlines
Loading...
തോറ്റില്ല ഭാഗ്യം; രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു സമനില, സീസണിലെ ആദ്യ പോയിന്റ്‌

തോറ്റില്ല ഭാഗ്യം; രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു സമനില, സീസണിലെ ആദ്യ പോയിന്റ്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം കാണാനാകാതെ കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോവയിലെ ഫട്ടോര്‍ഡയില്‍ ഇന്നു നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.മത്സരത്തില്‍ നിരവധി അവസരങ്ങള്‍ തുറന്നെടുക്കാനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും താരങ്ങളുടെ ഒത്തിണക്കക്കുറവും ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയാകുകയായിരുന്നു. ഗോളെന്നുറച്ച മൂന്ന് സുവര്‍ണാവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിര തുലച്ചുകളഞ്ഞത്.

ആദ്യ മത്സരത്തില്‍ 2-4 എന്ന സ്‌കോറിന് പരാജയപ്പെട്ട ശേഷം ഇന്ന് ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്‌സും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ പകുതിയില്‍ ഇരുകൂട്ടര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. 36-ാം മിനുട്ടില്‍ ലൂണയുടെ പാസില്‍ നിന്ന് ഡയസിന് കിട്ടിയ അവസരമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഓര്‍ക്കാനുള്ളത്. എന്നാല്‍ അതു ലക്ഷ്യം തെറ്റിപ്പാഞ്ഞു.രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ചുവടുമാറ്റിയ ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ ഫിനിഷിങ്ങില്‍ പിഴയ്ക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഡയസും പന്തു പുറത്തേക്ക് അടിച്ചു കളഞ്ഞത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. വിന്‍സിയുടെ ഒരു ലോങ് റേഞ്ചറും ബാറിനു മീതേ പറന്നു.

83-ാം മിനുട്ടില്‍ വാസ്‌ക്വസിന്റെ ഗോളെന്ന് ഉറച്ച ഹെഡര്‍ സുഭാഷിഷ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ലോകോത്തര സേവിലൂടെ തട്ടിയകറ്റിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. ശേഷിച്ച സമയത്ത് ഇരുടീമുകളും സമനില തെറ്റാതെ നോക്കി പോയിന്റ് പങ്കിട്ടു പിരിയുകയായിരുന്നു. വിന്‍സി ബരേറ്റോയുടെ പ്രകടനം ആകും ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നത്. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പോയിന്റില്‍ നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും.