Headlines
Loading...
തകര്‍ന്നടിഞ്ഞ് വിപണികള്‍, യാത്രാവിലക്ക്; ലോകം ഒമിക്രോണ്‍ ഭീതിയില്‍

തകര്‍ന്നടിഞ്ഞ് വിപണികള്‍, യാത്രാവിലക്ക്; ലോകം ഒമിക്രോണ്‍ ഭീതിയില്‍

പുതിയതായി കണ്ടെത്തിയ കൊവിഡ് വൈറസ് വകഭേദം ഒമിക്രോണ്‍ അതീവ വിനാശകാരിയാണെന്ന റിപ്പോര്‍ട്ടില്‍ വിറച്ച് ലോകം. ലോകാരോഗ്യ സംഘടനയുടെ മുന്നറയിപ്പിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആഗോള വിപണികളെ ഉള്‍പ്പെടെ ബാധിച്ചു.

ഏഷ്യയിലും യൂറോപ്പിലും യുഎസിലും ഓഹരി വിപണികളിലും ഭീതി പ്രകടമായിരുന്നു. യു.എസ് ഓഹരി സൂചികയായ ഡൗണ്‍ ജോണ്‍സ് 2.5 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്യന്‍ ഓഹരികള്‍ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഗോള തലത്തിലെ ആശങ്ക ഇന്ത്യന്‍ വിപണികളെയും സാരമായി ബാധിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സെക്‌സ് 1,687 പോയിന്റ് ഇടിഞ്ഞ് 57,107ലും നിഫ്റ്റി 509 പോയിന്റ് താഴ്ന്ന് 17,026 ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 4.5 ലക്ഷം കോടി രൂപയോളം രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ നേരിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര കപ്പല്‍ സര്‍വീസ നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികള്‍ക്ക് യു.എസ് വിപണിയില്‍ വലിയ തിരിച്ചടിയേറ്റു.

ക്രിപ്‌റ്റോകറന്‍സികളും വിപണിയിലെ തിരിച്ചടിയുടെ ചൂടറിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിറ്റ്‌കോയിന്റെ സ്വീകാര്യത 7 ശതമാനം ഇടിഞ്ഞു. എന്നാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഒരു ശതമാനം ഉയര്‍ന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് നിക്ഷേപകര്‍ സമീപിച്ചതോടെയാണ് സ്വര്‍ണം, വെള്ളി എന്നിവയുടെ ഉയര്‍ച്ചയ്ക്ക് കാരണമായത്. ക്രൂഡ് ഓയില്‍ വിലയിലും ഒമിക്രോണ്‍ ഭീതി പ്രകടമായിരുന്നു.ബ്രെന്റ് ക്രൂഡോയിലിന്റെ വില വെള്ളിയാഴ്ച ബാരലിന് 80 ഡോളറില്‍ താഴെയെത്തി.വിലയില്‍ നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തയത്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, രോഗ ബാധ നിയന്ത്രിക്കാന്‍ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളും നടപ്പാക്കിത്തുടങ്ങി. യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു. ഇന്ത്യയിലും നിരീക്ഷണം കര്‍ശനമാക്കി. ആഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ബുധനാഴ്ചയായിരുന്നു ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഹോങ്കോങ്ങിലും രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ശക്തമായത്. യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ബെല്‍ജിയത്തിലാണ്. ഈജിപ്തില്‍ നിന്നെത്തിയ യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം.

ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാര്‍ക്കും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ത്ത് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വച്ച്കഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ ആറ് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ചേര്‍ക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. നിലവില്‍ യുകെയില്‍ യുകെയില്‍ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്‌സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ 9ന് ശേഖരിച്ച സാംപിളില്‍ നിന്നാണ് ആദ്യമായി ഒമിക്രോണ്‍ അണുബാധ കണ്ടെത്തിയത്. പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ സാംപിളുകളിലും അണുബാധകള്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ എന്ന വകഭേദത്തിന് വളരെ വേഗത്തില്‍ രൂപമാറ്റം സംഭവിക്കുന്നുണ്ട്, അവയില്‍ ചിലത് ആശങ്കാജനകമാണ് എന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.