national
നിയമം റദ്ദാക്കും വരെ പിന്നോട്ടില്ല; സമരം പിന്‍വലിക്കില്ലെന്ന് രാകേഷ് ടിക്കായത്
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. പാര്‍ലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. എംഎസ്പിക്ക് പുറമേ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.
ഗുരുനാനാക്ക് ജയന്തി ദിനത്തിലാണ് രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് വളരെ സുപ്രധാനമായ ഒരു പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും അതെല്ലാം രാജ്യത്തിന് വേണ്ടിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇപ്പോഴും താന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. അത് രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.