Headlines
Loading...
'വൈകിയെങ്കിലും ആലുവ സിഐക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ സന്തോഷം'; പോരാട്ടം വിജയം കണ്ടെന്ന് കോണ്‍ഗ്രസ്

'വൈകിയെങ്കിലും ആലുവ സിഐക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ സന്തോഷം'; പോരാട്ടം വിജയം കണ്ടെന്ന് കോണ്‍ഗ്രസ്

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം വൈകി വന്ന വിവേകമെന്ന് കോണ്‍ഗ്രസ്. ആലുവ ഈസ്റ്റ് സ്‌റ്റേഷനില്‍ നടത്തി വന്ന രാപകല്‍ സമരം വിജയം കണ്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സമരത്തിന്റെ വിജയമാണ് ആലുവ ഈസ്റ്റ് സിഐയുടെ സസ്‌പെന്‍ഷന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാറിന്റെ തെറ്റ് തിരുത്തിയത് കോണ്‍ഗ്രസ് നടത്തിവന്ന സമരമാണ്. സ്ത്രീ സുരക്ഷയ്ക്കായി വിട്ടുവിഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. എന്നാല്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പറയുന്നവര്‍ അപമാനിക്കപെടുന്ന നിലയാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പോലീസ് സ്റ്റേഷനുകള്‍ സാധാരണക്കാര്‍ക്ക് സങ്കടം പറയാനുള്ള സ്ഥലമാണ്, ഉദ്യോഗസ്ഥരുടെ തെറി കേള്‍ക്കാനല്ല.

കേരളത്തില്‍ പല പലയിടങ്ങളിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്ന നിലയാണ്. കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പരാതി പറയുന്നവര്‍ അപമാനിക്കപെടുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ആലുവയിലെ മോഫിയയുടെ കുടുംബത്തിന് വേണ്ടി കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് ബെന്നി ബെഹന്നാന്‍ എംപി പ്രതികരിച്ചു. ആലുവ ഈസ്റ്റ് സിഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.

വൈകിയെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതില്‍ സന്തോഷം. അന്‍വര്‍ സാദത്ത് തുടങ്ങിയ സമരത്തില്‍ വിവിധ ജനപ്രതിനിധികള്‍ പങ്കാളിയായി. മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കാളിയായി, പൊതുജനങ്ങളുടെ സഹകരണം കരുത്തായി. മാധ്യമങ്ങളുടെ പിന്തുണ പൊതു ജനാഭിപ്രായം രൂപപ്പെടുത്താന്‍ സഹായിച്ചതായും ബെന്നി ബെഹന്നാന്‍ പ്രതികരിച്ചു. നടപടിയ്ക്ക് പിന്നാലെ പ്രതിപക്ഷം സമരം അവസാനിപ്പിച്ചു.

മോഫിയയുടെ കുടുംബവുമായി ബന്ധപ്പെട്ടതിന് പിന്നാലെ ആയിരുന്നു സിഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ അന്വേഷിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ തന്റെ ആത്മഹത്യ കുറിപ്പിലും സിഐ സുധീറിനെ പരാമര്‍ശിച്ചിരുന്നു.