Headlines
Loading...
കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയില്‍

കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയില്‍

ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളത്തിനടിയില്‍. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കൈനകരി, മുട്ടാര്‍, വീയപുരം, എടത്വ, തലവടി എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ആശങ്കയ്ക്ക് ഇടയാക്കി ജലനിരപ്പുയരുകയാണ്.
ഈ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

വീയപുരം, ചെങ്ങന്നൂര്‍, മങ്കൊമ്പ്, കാവാലം, ചെറുതന, പെരുമാങ്കര പാലം, പാണ്ടി പാലം എന്നീ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെളളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരങ്ങളില്‍ റോഡുകളില്‍ ഗതാഗത തടസ്സം രൂപപ്പെട്ടിട്ടുണ്ട്. ലോവര്‍ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ വെള്ളംകയറുന്ന പ്രദേശത്തെ ആളുകളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.