Headlines
Loading...
'21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം'; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

'21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം'; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരാതിപ്പെടാനെത്തിയ തെന്‍മല സ്വദേശിയെ വിലങ്ങണിയിച്ച് കൈവരിയില്‍ കെട്ടിയിട്ടെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. തെന്മല സ്വദേശി രാജീവനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓര്‍ക്കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.

മുന്‍പ് ഉണ്ടായ പരാതികളില്‍ നടപടി എടുത്തിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടാകുന്നതൊന്നും ആവര്‍ത്തിക്കുമായിരുന്നില്ല, ആളുകള്‍ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയയുടെ മരണം പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചപ്പോഴും പൊലീസിനെ കോടതി വിമര്‍ശനമുണ്ടായിരുന്നു.

അതേസമയം, ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ അന്വേഷിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി.യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. അതേസമയം പൊലീസ് സ്റ്റേഷനിലുണ്ടായ മധ്യസ്ഥ ചര്‍ച്ചയില്‍ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സി ഐ നടത്തിയ മധ്യസ്ത ചര്‍ച്ചയില്‍ തെറ്റില്ല. എന്നാല്‍ മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു റിപ്പോർട്ട്.