international desk
മെക്‌സിക്കോയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; വ്‌ളോഗര്‍ അഞ്ജലി കൊല്ലപ്പെട്ടു
മെക്‌സിക്കോയില്‍ ലഹരി ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ പ്രമുഖ വ്‌ളോഗര്‍ അഞ്ജലി റ്യോട്ട് കൊല്ലപ്പെട്ടു.
മെക്‌സിക്കോ ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ കഴിഞ്ഞദിവസമാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായത്. ജന്മദിനം ആഘോഷിക്കാനായാണ് ഭര്‍ത്താവിനൊപ്പം അഞ്ജലി റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ടിലെ റസ്റ്റോറന്റില്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ നാലുപേര്‍ പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു. ലഹരി ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നും അഞ്ജലി അടക്കമുള്ള വിനോദസഞ്ചാരികള്‍ യാദൃച്ഛികമായി ഇതിനിടയില്‍ പെട്ടുപോകുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
വെടിവെപ്പില്‍ അഞ്ജലിക്ക് പുറമേ, ജര്‍മന്‍ പൗര ജെന്നിഫര്‍ ഹെന്‍സോള്‍ഡും മരിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് ജര്‍മന്‍ പൗരന്മാര്‍ക്കും ഒരു ഡച്ച് വനിതക്കും പരുക്കേറ്റിരുന്നു.
ലിങ്ക്ഡ്ഇന്നില്‍ എഞ്ചിനീയറായ അഞ്ജലി കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് താമസിക്കുന്നത്. കൊവിഡ് കാലത്ത് ഹിമാചല്‍ പ്രദേശില്‍ നാലു മാസം താമസിച്ച ശേഷമാണ് ഇവര്‍ കാലിഫോര്‍ണിയയിലേക്ക് മടങ്ങി പോയതെന്ന് അഞ്ജലിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 42,000 പേരാണ് അഞ്ജലിയെ പിന്തുടരുന്നത്. മടങ്ങും മുന്‍പ് ഹിമാചലില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അഞ്ജലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.