kerala
വിദ്യാർത്ഥികൾ തിരികെ സ്‌കൂളിലേക്ക്: മാര്‍ഗരേഖ പുറത്ത്; 'ആറുദിവസം ക്ലാസ്, ആദ്യ രണ്ടാഴ്ച ഉച്ച വരെ മാത്രം
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാര്‍ഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
ആഴ്ചയില്‍ ആറുദിവസം ക്ലാസുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ച വരെ മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുക. രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിട്ടാല്‍ മതി. വിദ്യാര്‍ഥികള്‍ കൂട്ടം കൂടാതിരിക്കാന്‍ അധ്യാപകരും സ്‌കൂളിലെ മറ്റ് ജീവനക്കാരും ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ വരേണ്ടതില്ല. എല്ലാ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല. 1 മുതല്‍ 7 വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാം. ഒരു സമയം പകുതി കുട്ടികള്‍ മാത്രം. ബയോ ബബിള്‍ മാതൃകയിലാകും ക്ലാസുകള്‍. 8,9 ക്ലാസുകള്‍ തുറക്കുന്നതില്‍ തീരുമാനം പിന്നീടെന്നും ശിവന്‍കുട്ടി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഓട്ടോറിക്ഷയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ മാത്രമേ കയറ്റാവൂ. ഗതാഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറന്നാലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് അധ്യാപകരും ജീവനക്കാരും ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിന്‍ എടുത്തിരിക്കണം. സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലുള്ളവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഒരു സ്‌കൂളിന് ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.