Headlines
Loading...
ദേശീയ പാതയില്‍ വെള്ളക്കെട്ട്; അതിരപ്പള്ളി റോഡ് അടച്ചു, പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; തൃശ്ശൂർ പാലക്കാട് ജില്ലകളില്‍ കനത്തമഴ

ദേശീയ പാതയില്‍ വെള്ളക്കെട്ട്; അതിരപ്പള്ളി റോഡ് അടച്ചു, പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; തൃശ്ശൂർ പാലക്കാട് ജില്ലകളില്‍ കനത്തമഴ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ തൃശൂര്‍, പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മഴക്കെടുതിയും രൂക്ഷം. കനത്തമഴയില്‍ മലപ്പുറത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കനത്തമഴ തുടരുകയാണ്. 

അതി ശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകി. മഴയില്‍ അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജനങ്ങളോട് ജാഗ്രതാ പാലിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. ചാലക്കുടി കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങല്‍ കൂത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ വെള്ളം കയറി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. അതിരപ്പള്ളിയിലേക്കുള്ള റോഡുകള്‍ അടച്ചു. ഇതോടെ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടു.

പീച്ചി ഡാമിലും ജല നിരപ്പ് ഉയരുകയാണ്. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം ഉയര്‍ന്നതിനാലിന്ന് ഡാമിന്റെ ഷട്ടര്‍ 4 ഇഞ്ച് ആയി ഉയര്‍ത്തിയിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇടതുകരവലതുകര കനാലുകളുടെ അടുത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

പാലക്കാടും ശക്തമായ മഴയെ തുടരുകയാണ്. കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലായ 96.50 മീറ്ററിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുകുന്നതിനാല്‍ ഇന്ന് രാവിലെ 11 മണിയോടെ മൂന്ന് ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ മൂന്ന് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 96.45 മീറ്റര്‍ ആയിട്ടുണ്ട്.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തൃശ്ശൂര്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.