kerala
'കെഎസ്ആർടിസി സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവ്വീസ് ആരംഭിക്കും'; കൺസെഷൻ സൗകര്യം തുടരുമെന്ന് ആന്റണി രാജു
സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ കെഎസ്ആർടിസി സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവ്വീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബോണ്ട് സർവീസ് നിരക്ക് സ്കൂളുകൾ നൽകണം. സ്കൂൾ ബസ്സുകളുടെ റോഡ് നികുതി ഒഴിവാക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.
വിദ്യാർത്ഥികള്‍ക്ക് നിലവിൽ ഉള്ള കൺസെഷൻ സൗകര്യം തുടരും. ബസ് സൗകര്യം ഇല്ലാത്ത സ്‌കൂളുകൾക്കായി കെഎസ്ആർടിസി ബോണ്ട് സർവ്വീസുകൾ ആരംഭിക്കും. ആവശ്യമുള്ള സ്കൂളുകൾ കെഎസ്ആർടിസിയെ സമീപിക്കാം. സ്കൂൾ ബസുകളുടെ ഏകദേശം ഒരു വർഷ കാലയളവിലെ റോഡ് നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യും.
എന്നാൽ ബോണ്ട് സർവീസിന്റെ പണം സ്കൂളുകൾ തന്നെ വഹിക്കണമെന്ന നിലപാട് സ്‌കൂളുകൾക്ക് ബാധ്യതയാകും എന്ന ആശങ്കയുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അടക്കമുള്ള കാര്യങ്ങളിൽ ഇളവ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത മാസം 20 ന് മുൻപ് തന്നെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.