kerala
പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഒടുവില്‍ പിടിയില്‍
പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തിവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍ നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ അരീക്കോട് പെരകമണ്ണ സ്വദേശി അബ്ദുള്‍ റഷീദിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും കഴിഞ്ഞ ഒന്നാം തിയ്യതി രാത്രി അഞ്ച് ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണവേളയിലാണ് പ്രതി പിടിയിലാകുന്നത്.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങി നടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു.
പകല്‍ സമയങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയും രാത്രി കാലങ്ങളില്‍ അവിടെ എത്തി മോഷണം നടത്തുകയും ചെയ്യുകയാണ് പ്രതിയുടെ രീതി. വള്ളുവമ്പ്രത്ത് കഴിഞ്ഞ ജൂലൈ ഒന്നാം തിയ്യതി രാത്രിയോടെ എത്തിയ പ്രതി സമീപത്ത് റൂമില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരെ പുറത്തുനിന്നും പൂട്ടിയ ശേഷം പെട്രോള്‍ പമ്പ് ഓഫീസിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.
ഏതാനും ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈല്‍ നമ്പര്‍ മാറ്റുക പതിവായിരുന്നു. മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകള്‍ക്ക് പിന്നിലും ഇയാളാണെന്നാണ് വിവരം.